കണ്ണൂര്‍: ആറളം ഫാം നിവാസികളെ കാട്ടാന അക്രമത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണണമെന്ന് ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസ്. ആറളം ഫാമിലെ ഒരു വാര്‍ഡില്‍ 12 പേരാണ് കാട്ടാനകളുടെ അക്രമത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. ഓരോ മരണം നടക്കുമ്പോഴും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമെത്തി ആളുകളുടെ പ്രതിഷേധം തണുപ്പിക്കും. പണം കൊടുത്ത് തൃപ്തിപ്പെടുത്താമെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നത്.
കഴിഞ്ഞ ദിവസം കാട്ടാനയുടെ അക്രമത്തില്‍ കൊല്ലപ്പെട്ട വാസുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മുതല്‍ ആറളം ഫാം വരെ പോലിസ് കസ്റ്റഡിയിലായിരുന്നു. സാധാരണയായി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുകയാണ് പതിവ്. എന്നാല്‍ പ്രതിഷേധം ഭയന്ന് ഇതിന് വിരുദ്ധമായ നിലപാടാണ് ഇന്നലെ അധികൃതര്‍ സ്വീകരിച്ചത്.
ആറളം ഫാമില്‍ സുരക്ഷാ സംവിധാനമൊരുക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 22 കോടി രൂപ അനുവദിച്ചിട്ട് ഒരു വര്‍ഷമായി. ഏകദേശം 10 കിലോമീറ്റര്‍ ദൂരത്തിലാണ് സുരക്ഷാവേലി ഒരുക്കേണ്ടത്.
നിലവില്‍ അഞ്ചര കിലോമീറ്റര്‍ ദൂരം യാതൊരുവിധ സുരക്ഷാ സംവിധാനവുമില്ല. സോളാര്‍ ഫെന്‍സിങ് ഉള്‍പ്പടെയുള്ള സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെ കൃത്യമായ പദ്ധതി തയ്യാറാക്കി പ്രവൃത്തി ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. കാട്ടാനക്കൂട്ടം ഇപ്പോഴും ഫാമിനകത്ത് സൈ്വര്യ വിഹാരം നടത്തുന്നുണ്ട്. അതിനാല്‍ തന്നെ ആറളം ഫാമിലെ നിവാസികള്‍ മരണഭീതിയിലാണ് അവിടെ കഴിയുന്നത്. ഇവരുടെ സുരക്ഷ കണക്കിലെടുത്ത് അധികൃതര്‍ എത്രയും വേഗം ആവശ്യമായ സുരക്ഷാ നടപടി സ്വീകരിക്കണമെന്നും എന്‍. ഹരിദാസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.