കോഴിക്കോട്: സഭാതര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് കോടതിയുടെ നിര്‍ദേശത്തിന് വിധേയമായി ഓര്‍ത്തോഡോക്‌സ്-യാക്കോബായ തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിനാണ് കേരള മുഖ്യമന്ത്രി കഴിഞ്ഞദിവസം ബന്ധപ്പെട്ടവരുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്തത്. ഇരു വിഭാഗവുമായി ചര്‍ച്ച നടത്തി ഒരു മാസത്തിനകം തീരുമാനമെടുക്കാനാണ് മുഖ്യമന്ത്രി ചീഫ് സെക്രട്ടറി വി.പി ജോയ് ഐ.എ.എസ് അധ്യക്ഷനായി ഉപസമിതിയെ ചുമതലപ്പെടുത്തിയത്.
ചര്‍ച്ചകള്‍ തുടരണമെന്നും പുതിയ കേസുകള്‍ ഇരുകൂട്ടരും കൊടുക്കരുതെന്നും നിലവിലുള്ള കേസുകളില്‍ സമ്മര്‍ദം ചെലുത്തരുതെന്നുമുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം ഇരു വിഭാഗവും അംഗീകരിച്ചത് വിശ്വാസികള്‍ക്ക് ശുഭപ്രതീക്ഷ നല്‍കുന്നുവെന്ന് സൊസൈറ്റി ഭാരവാഹികള്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഹോളി ലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി ചെയര്‍മാന്‍ ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി, വൈസ് ചെയര്‍മാന്‍ പ്രൊഫസര്‍ ഫിലിപ്പ് കെ.ആന്റണി, നിയമോപദേഷ്ടാവ് അഡ്വ. എം.കെ അയ്യപ്പന്‍ എന്നിവര്‍ നിവേദനം സമര്‍പ്പിച്ച് ചര്‍ച്ച നടത്തിയത്.
വര്‍ഷങ്ങളായി നീണ്ടുനില്‍ക്കുന്ന ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കം ശാശ്വതമായി പരിഹരിക്കുന്നതിന് ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ‘ദി കേരള ചര്‍ച്ച് മാനേജ്‌മെന്റ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍’ (ഓഫ് പ്രോപ്പര്‍ട്ടീസ്) ബില്‍ നടപ്പാക്കണമെന്ന് അഭ്യര്‍ഥിച്ചാണ് ചീഫ് സെക്രട്ടറിയുമായി സൊസൈറ്റി ഭാരവാഹികള്‍ ചര്‍ച്ച നടത്തിയത്. ഇതേ ആവശ്യം അഭ്യര്‍ഥിച്ച് നേരത്തെ മുഖ്യമന്ത്രിക്കും സഹ മന്ത്രിമാര്‍ക്കും സൊസൈറ്റി നിവേദനം സമര്‍പ്പിച്ചത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പ്രശ്‌നം പരിഹരിക്കണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെയും നിലപാടെന്നും അതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം നിവേദന സംഘത്തെ അറിയിച്ചു.