ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് പോലെയുള്ള വര്‍ഗീയ സംഘടനകളെ നിരോധിച്ചത് പരിഹാരമല്ല, മറിച്ച് ഇത്തരം സംഘടനകളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആര്‍.എസ്.എസ് നിരോധിക്കണോ എന്ന ചോദ്യത്തിന്, മൂന്ന് തവണ ആര്‍.എസ്.എസ് നിരോധിക്കപ്പെട്ടിട്ടുണ്ടെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകണമെന്നും യെച്ചൂരി പറഞ്ഞു. പി.എഫ്.ഐക്കെതിരായ നടപടി രാഷ്ട്രീയപ്രേരിതമോ എന്ന ചോദ്യത്തിന് ജനം വിലയിരുത്തുമെന്ന് യെച്ചൂരി മറുപടി നല്‍കി.
നിരോധനം കൊണ്ട് കാര്യമില്ലെന്ന മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വര്‍ഗ്ഗീയതക്കെതിരേയാണെങ്കില്‍ ഒരു സംഘടനയെ മാത്രം നിരോധിച്ചത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ട് നിരോധത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സ്വാഗതം ചെയ്തു. കേവല നിരോധനം കൊണ്ട് മാത്രം കാര്യമില്ല. വര്‍ഗീയ ശക്തികളെ നിര്‍ത്തേണ്ട ഇടത്ത് നിര്‍ത്തണം. ആര്‍.എസ്.എസും പോപ്പുലര്‍ ഫ്രണ്ടും ഒരു പോലെ വര്‍ഗീയത പടര്‍ത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.