ഇന്ത്യാ ദക്ഷിണാഫ്രിക്ക ട്വന്റി-ട്വന്റി: 8000 കാണികള്‍ക്ക് ഭക്ഷണമൊരുക്കുന്നത് കുടുംബശ്രീ

ഇന്ത്യാ ദക്ഷിണാഫ്രിക്ക ട്വന്റി-ട്വന്റി: 8000 കാണികള്‍ക്ക് ഭക്ഷണമൊരുക്കുന്നത് കുടുംബശ്രീ

തിരുവനന്തപുരം: ഇന്ന് വൈകീട്ട് ഏഴരക്ക് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യാ ദക്ഷിണാഫ്രിക്ക ട്വന്റി-ട്വന്റി ക്രിക്കറ്റ് മത്സരം കാണാനെത്തുന്ന കാണികള്‍ക്കായി കുടുംബശ്രീ സ്വാദിഷ്ടമായ വിഭവങ്ങളൊരുക്കും. മത്സരം കാണാനെത്തുന്നവര്‍ക്ക് മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണവും പാനീയങ്ങളും ലഭ്യമാക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. നിലവില്‍ 3000 പേര്‍ക്കുള്ള ഭക്ഷണത്തിന്റെ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. ഇതു കൂടാതെ 5000 പേര്‍ക്കുള്ള ഭക്ഷണവും കൗണ്ടറുകളില്‍ ലഭ്യമാക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ചാണ് ഫുഡ്‌കോര്‍ട്ട് സംഘടിപ്പിക്കുക.

സ്റ്റേഡിയത്തിന്റെ ടെറസ് പവിലിയനു സമീപത്താണ് കുടുംബശ്രീയുടെ പന്ത്രണ്ട് ഫുഡ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക. ഓരോന്നിലും എട്ട് ജീവനക്കാര്‍ വീതമുണ്ടാകും. ചിക്കന്‍ ബിരിയാണി, മുട്ട ബിരിയാണി, ചപ്പാത്തി, പൊറോട്ട, ഇടിയപ്പം, ചിക്കന്‍ കറി, ചായ, ഇലയട, കപ്പ, സ്‌നാക്‌സ്, വെജ് കറി, ഫ്രൂട്ട് സലാഡ്, പോപ്പ്‌കോണ്‍ , മീറ്റ് റോള്‍, ചിക്കന്‍ റോള്‍, പൊറോട്ട വെജ് റോള്‍ , വെജ് സാന്‍ഡ്‌വിച്ച് , ബ്രൂ കോഫി, ബ്ലാക്ക് ടീ, മുട്ട പഫ്‌സ്, വെജ് കട്‌ലറ്റ്, കട്ട് ഫ്രൂട്ട്‌സ്, മീന്‍ കറി, ചിക്കന്‍ കട്‌ലെറ്റ്, വെജ് ബര്‍ഗര്‍ എന്നിവയാണ് ലഭ്യമാകുക. തിരുവനന്തപുരം ജില്ലയില്‍ കുടുംബശ്രീയുടെ കീഴിലുള്ള വിഘ്‌നേശ്വര, ശ്രീപാദം, ശ്രീശൈലം, സാംജീസ്. ശ്രുതി, സമുദ്ര, പ്രതീക്ഷ, ജിയാസ്, കൃഷ്ണ എന്നീ കാറ്ററിങ്ങ് യൂണിറ്റുകളും രണ്ട് കഫേശ്രീ യൂണിറ്റുകളുമാണ് ക്രിക്കറ്റ് മാമാങ്കം കണാനെത്തുന്ന കായിക പ്രേമികള്‍ക്ക് ഭക്ഷണമൊരുക്കുന്നത്.

കുടുംബശ്രീ സംസ്ഥാന മിഷന്റെ മേല്‍നോട്ടത്തിലാണ് സ്റ്റേഡിയത്തില്‍ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍. തിരുവനന്തപുരം ജില്ലാമിഷനാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ചുമതല. നിലവില്‍ യൂണിറ്റുകളില്‍ ഭക്ഷണം തയാറാക്കി സ്റ്റേഡിയത്തില്‍ എത്തിക്കുന്നതിനാണ് തീരുമാനം. ഓരോ കൗണ്ടറിലും ഭക്ഷണം വിതരണം ചെയ്യാനും ബില്ല് നല്‍കാനും കൗണ്ടറിന്റെ നിയന്ത്രണത്തിനുമായി എട്ട് പേര്‍ പേര്‍ വീതമുണ്ടാകും. ഭക്ഷണ വിതരണം ഫലപ്രദമായി നടപ്പാക്കാന്‍ ജില്ലാമിഷനില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുഴുവന്‍ സമയ പങ്കാളിത്തവും ഉറപ്പു വരുത്തിയിട്ടുണ്ട്. ഫുഡ് കോര്‍ട്ടില്‍ പങ്കെടുക്കുന്ന യൂണിറ്റുകള്‍ക്കാവശ്യമായ സഹായങ്ങള്‍ ‘ഐഫ്രം'(അദേഭ ഫുഡ് റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റ്) ലഭ്യമാക്കും.

മുമ്പും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ച അവസരങ്ങളില്‍ കാണികള്‍ക്ക് മിതമായ നിരക്കില്‍ സ്വാദിഷ്ടമായ ഭക്ഷണം ലഭ്യമാക്കിയിരുന്നു. ഭക്ഷണ വിതരണത്തിലും കാര്യക്ഷമത പുലര്‍ത്തി. ഇതു രണ്ടും പരിഗണിച്ചാണ് ഇത്തവണയും ഭക്ഷണമൊരുക്കാനുള്ള അവസരം കുടുംബശ്രീക്ക് ലഭിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *