രവി കൊമ്മേരി
യു.എ.ഇ: ശൈത്യകാലം എത്തിയതിന്റെ സൂചനയായി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാവിലെ ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. യു.എ.ഇ കടുത്ത ചൂടില്‍നിന്ന് തണുപ്പിലേക്ക് മാറിയതായി ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രവും സ്ഥിരീകരിച്ചു. അടുത്തദിവസങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിനും 20 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്ന് എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റി ഡയരക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ വ്യക്തമാക്കി.
ശൈത്യകാലത്തിന്റെ വരവറിയിച്ചുകൊണ്ട് കഴിഞ്ഞമാസം 24-നാണ് ആകാശത്ത് സുഹൈല്‍ നക്ഷത്രം കാണപ്പെട്ടത്. അതിനുശേഷം രാജ്യത്ത് ക്രമേണ ചൂടിന് ശമനമുണ്ടായതായും ദുബായ് ജ്യോതിശ്ശാസ്ത്രകേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധപ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതിനാല്‍ കാലാവസ്ഥാകേന്ദ്രം മഞ്ഞ, ചുവപ്പ് അലര്‍ട്ടുകളും പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ ചിലഭാഗങ്ങളില്‍ മഴയും ആലിപ്പഴവര്‍ഷവും ഉണ്ടായി. വരുംദിവസങ്ങളിലും മൂടല്‍മഞ്ഞുണ്ടാവാന്‍ സാധ്യതയുണ്ട്. ദൂരക്കാഴ്ച കുറയുന്ന സാഹചര്യം കണക്കിലെടുത്ത് വാഹനങ്ങള്‍ വേഗം കുറയ്ക്കണമെന്നും മറ്റുവാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കണമെന്നും പോലിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, ശൈത്യകാലത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് അബുദാബി. അടുത്ത 180 ദിവസങ്ങളിലായി അബുദാബിയില്‍ നടക്കാനിരിക്കുന്ന വിവിധ കലാ-സാംസ്‌കാരിക പരിപാടികളെക്കുറിച്ച് അബുദാബി സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പ് (ഡി.സി.ടി) വിശദീകരിച്ചു. ലോകമെമ്പാടുമുള്ള ആളുകളെ ആകര്‍ഷിക്കുന്ന സംഗീതപരിപാടികളുള്‍പ്പടെ ഒട്ടേറെ ആകര്‍ഷണങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ അബുദാബി തയ്യാറെടുപ്പുകള്‍ നടത്തുന്നതായി ടൂറിസം ഡയരക്ടര്‍ ജനറല്‍ സലേഹ് മുഹമ്മദ് അല്‍ ഗെസരി അറിയിച്ചു. വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെ ശൈത്യകാലം അവിസ്മരണീയമാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
അബുദാബി ഡി.സി.ടിയുമായി സഹകരിച്ചുകൊണ്ട് യാസ് ദ്വീപിലും എമിറേറ്റിലെ മറ്റ് പ്രധാനപ്രദേശങ്ങളിലും ലോകോത്തര നിലവാരത്തിലുള്ള പരിപാടികള്‍ നടത്തുമെന്ന് മിറാള്‍ സി.ഇ.ഒ. മുഹമ്മദ് അബ്ദുള്ള അല്‍ സാബി പറഞ്ഞു. വിസിറ്റ് അബുദാബി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പൂര്‍ണ ശൈത്യകാല കലണ്ടറില്‍ പരിപാടികളുടെ വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.