കൊച്ചി: രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയ്‌ക്കെതിരായ ഹരജി ഹൈക്കോടതി തള്ളി. യാത്രയില്‍ ഗതാഗത തടസ്സം ഉണ്ടാക്കുന്നുവെന്ന ആരോപണം തെളിയിക്കാന്‍ ഉതകുന്ന രേഖകള്‍ ഹാജരാക്കുന്നതില്‍ ഹരജിക്കാരാന്‍ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് ഹരജി തള്ളിയത്. യാത്ര സമാധാനപരമായി കടന്നുപോകുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പോലിസിനു നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ജാഥ ഒരു വശത്തുകൂടി പോകുമ്പോള്‍ എതിര്‍ വശത്തുകൂടി ഗതാഗതത്തിന് തുറന്ന് കൊടുക്കണം. സുരക്ഷയ്ക്കായി നിയോഗിക്കുന്ന പൊലീസുകാരുടെ ചിലവ് സംഘടകരില്‍ നിന്നും ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അഡ്വ. കെ വിജയനാണ് ഹരജി നല്‍കിയത്. രാഹുല്‍ ഗാന്ധി, കെ.പി.സി.സി പ്രസിഡന്റ് തുടങ്ങിയവരെ എതിര്‍ കക്ഷികളാക്കിയാണ് ഹരജി നല്‍കിയത്.