നോയിഡ: നവരാത്രി ആഘോഷത്തോടനുബന്ധിച്ച് നോയിഡയിലെ മാംസ വില്‍പ്പനശാലകള്‍ അടപ്പിച്ചു. നോയിഡ പോലിസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വ്യാപാരികള്‍ കടകള്‍ അടച്ചിട്ടതെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച മുതല്‍ കടകള്‍ തുറന്നുപ്രവര്‍ത്തിച്ചിട്ടില്ല. എന്നാല്‍, ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിട്ടില്ലെന്നാണ് ജില്ലാ ഭരണകൂടവും പോലിസും പറയുന്നത്.
ക്ഷേത്രത്തിനു സമീപമുള്ള ഇറച്ചിക്കടകള്‍ പോലിസ് അടപ്പിച്ചതായി ഒരു കടയുടമ പറഞ്ഞു. ഒന്‍പത് ദിവസത്തേക്ക് കടകള്‍ തുറക്കരുതെന്നാണ് പോലിസിന്റെ നിര്‍ദേശം. എന്നാല്‍, ഇറച്ചിക്കടകള്‍ അടച്ചുപൂട്ടാന്‍ ജില്ലാ മജിസ്‌ട്രേറ്റോ പോലിസോ ഔദ്യോഗികമായി ഉത്തരവിട്ടിട്ടില്ല. ഉത്തരവില്ലാതെയാണ് ലോക്കല്‍ പോലിസെത്തി കടകള്‍ അടപ്പിച്ചതെന്ന് വ്യാപാരികള്‍ ആരോപിച്ചു.