ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം വിഖ്യാത ബോളിവുഡ് നടി ആശാ പരേഖിന്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകള്‍ക്കാണ് പുരസ്‌കാരം. പത്ത് ലക്ഷം രൂപയും ഫലകവും അടങ്ങുന്ന സമ്മാനം രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിക്കും.
79 കാരിയായ ആശാ പരേഖ് അറുപതുകളിലേയും എഴുപതുകളിലേയും മുന്‍നിര നായികയായിരുന്നു. ഹം സായാ, ലവ് ഇന്‍ ടോക്കിയോ, കന്യാദാന്‍, ഗുന്‍ഘട്ട്, ജബ് പ്യാര്‍ കിസി സേ ഹോതാ ഹേ, ദോ ബദന്‍, ചിരാഗ്, സിദ്ദി തുടങ്ങിയവയാണ് പ്രധാന സിനിമകള്‍.
1952ല്‍ മാ എന്ന സിനിമയിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്ക് എത്തിയത്. 1959ല്‍ നാസിര്‍ ഹുസൈന്റെ ദില്‍ ദേഖേ ദേഖോ എന്ന സിനിമയിലൂടെ നായികയായി. ഗുജറാത്തി, പഞ്ചാബി, കന്നഡ സിനിമകളിലും ആശാ പരേഖ് അഭിനയിച്ചിട്ടുണ്ട്.
അഭിയരംഗത്ത് നിന്ന് പിന്മാറിയ ശേഷം ടെലിവിഷന്‍ സീരിയല്‍ നിര്‍മാണരംഗത്തേക്ക് തിരിഞ്ഞ ആശാ പരേഖര്‍ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷയായ ആദ്യവനിതയാണ്. 1992ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു.