ഇരിങ്ങലിലെ സര്‍ഗാലയ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് സന്ദര്‍ശിച്ച് രാജീവ് സേഥി

ഇരിങ്ങലിലെ സര്‍ഗാലയ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് സന്ദര്‍ശിച്ച് രാജീവ് സേഥി

പത്മഭൂഷണ്‍ രാജീവ് സേഥി ഇരിങ്ങലിലെ സര്‍ഗാലയ ആട്‌സ് ആട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് സന്ദര്‍ശനവേളയില്‍ മരത്തില്‍ ശില്‍പങ്ങളും തെയ്യം ശില്‍പങ്ങളും നിര്‍മ്മിക്കുന്നതില്‍ വിദഗ്ധനായ വി.പി സുന്ദരേശനെ അനുമോദിക്കുന്നു

 

കോഴിക്കോട്: കേരളത്തിന്റെ കലയുടേയും നിര്‍മ്മിതികളുടേയും തനിമ തൊട്ടറിഞ്ഞ് ലോകപ്രശസ്ത ഡിസൈനറും സീനോഗ്രാഫറും ആര്‍ട്ട് ക്യുറേറ്ററുമായ പത്മഭൂഷണ്‍ രാജീവ് സേഥി. കേരളത്തിലെ വിവിധ ജില്ലകളിലെ കല-കരകൗശല കേന്ദ്രങ്ങളും റോഡ്-കെട്ടിട നിര്‍മ്മിതികളും സന്ദര്‍ശിക്കുന്നതിനിടെ അദ്ദേഹം കോഴിക്കോട്ട് ഇരിങ്ങലിലെ സര്‍ഗാലയ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജും സഹകരണരംഗത്തെ രാജ്യത്തെ ആദ്യ ഐ.ടി പാര്‍ക്കായ യു.എല്‍ സൈബര്‍പാര്‍ക്കും കാണാന്‍ എത്തി. സേഥിക്കൊപ്പം പ്രമുഖ ആര്‍ക്ക്ക്കിടെക്റ്റ് ബെന്നി കുര്യാക്കോസ്, മള്‍ട്ടിമീഡിയ ആര്‍ട്ടിസ്റ്റും ക്യുറേറ്ററുമായ റിയാസ് കോമു, കാര്‍ട്ടൂണിസ്റ്റും ബി.എം.ജി ഗ്രൂപ്പ് സി.എം.ഡിയുമായ തന്‍വീര്‍ ഗഫൂര്‍ എന്നിവരും യു.എല്‍ സൈബര്‍പാര്‍ക്കില്‍ എത്തിയിരുന്നു. രാജീവ് സേഥിയെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി, എം.ഡി എസ്.ഷാജു, ഡയരക്റ്റര്‍മാരായ എം.എം സുരേന്ദ്രന്‍, ടി. ടി ഷിജിന്‍, യു.എല്‍ സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ ടി.കെ. കിഷോര്‍ കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു.

രാജീവ് സേഥി ഇരിങ്ങലിലെ സര്‍ഗാലയ ആട്‌സ് ആട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജിലെ കരകൗശല സ്റ്റാളുകള്‍ നോക്കികാണുന്നു

ആര്‍ട്ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജുകളിലാണ് അദ്ദേഹം പ്രധാനമായും സമയം ചെലവഴിച്ചത്. ക്രാഫ്റ്റ് വില്ലേജുകളുടെ വികസനത്തില്‍ ഊന്നിയായിരുന്നു സന്ദര്‍ശനം. കഴിഞ്ഞ വെള്ളിയാഴ്ച കോവളത്തെ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് സന്ദര്‍ശിച്ചുകൊണ്ടായിരുന്നു പര്യടനത്തിന്റെ തുടക്കം. കാസര്‍കോട്ടേക്കുള്ള യാത്രയ്ക്കിടെ ഞായറാഴ്ച കോഴിക്കോട്ടെത്തിയ സേഥി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയും സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാരിനുവേണ്ടി പൊന്നാനിയില്‍ സൊസൈറ്റി നിര്‍മ്മിച്ചു ക്യുറേറ്റ് ചെയ്തു പ്രവര്‍ത്തിപ്പിക്കുന്ന നിള പൈതൃക മ്യൂസിയമായിരുന്നു മറ്റൊരു സന്ദര്‍ശനകേന്ദ്രം. കോവളത്തെ ക്രാഫ്റ്റ് വില്ലേജിന്റെ ആഭിമുഖ്യത്തില്‍ ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ നടക്കാന്‍പോകുന്ന ഇന്റര്‍നാഷണല്‍ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലിന്റെ ലോഗോ അവിടെ അടൂര്‍ ഗോപാലകൃഷ്ണനും സംസ്ഥാനസര്‍ക്കാരിന്റെ ബാഹ്യസഹകരണത്തിനായുള്ള പ്രത്യേക ഉദ്യോഗസ്ഥന്‍ വേണു രാജാമണിയുമായി ചേര്‍ന്ന് അദ്ദേഹം പ്രകാശനം ചെയ്യുകയും ചെയ്തു. സംസ്ഥാന ടൂറിസം വകുപ്പിനുവേണ്ടി ക്രാഫ്റ്റ് വില്ലേജുകള്‍ നിര്‍മ്മിച്ചു പ്രവര്‍ത്തിപ്പിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ അതിഥിയായാണ് അദ്ദേഹം കേരളം സന്ദര്‍ശിച്ചത്.

ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംപിടിച്ച കലാകാരന്‍ എസ്.അശോക് കുമാര്‍ മരപ്പലകയില്‍ വരച്ച ഛായാചിത്രം രാജീവ് സേഥിക്ക് സര്‍ഗാലയ ആട്‌സ് ആട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് സി.ഇ.ഒ പി.പി ഭസ്‌കരന്‍ സമ്മാനിക്കുന്നു

തുടര്‍ന്ന്, ഭാരത് മാല പദ്ധതിയില്‍ ദേശീയപാത 66 ആറുവരിപ്പാത ആക്കുന്നതില്‍ ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മിക്കുന്ന തലപ്പാടി-ചെങ്ങള റീച്ചും അദ്ദേഹം സന്ദര്‍ശിച്ചു. പൊതുവിടങ്ങളില്‍ കലാരൂപങ്ങള്‍ സന്നിവേശിപ്പിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും നിര്‍മ്മാണരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്ന നിലയില്‍ ഊരാളുങ്കല്‍ സൊസൈറ്റിയിലെ ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി. നാളെ കൊച്ചിയിലെ സന്ദര്‍ശനത്തോടെ അദ്ദേഹം കേരളപര്യടനം അവസാനിപ്പിക്കും.

ഇന്ത്യയിലെ പ്രമുഖ ഡിസൈനറായ രാജീവ് സേഥി, ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തിന്റെ സാംസ്‌കാരികപൈതൃകം സംരക്ഷിക്കാനും ആഘോഷിക്കാനും നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയനാണ്. 1985-ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച അദ്ദേഹം 35 വര്‍ഷത്തിലേറെയായി ഡിസൈന്‍, ആര്‍ക്കിടെക്ചര്‍, എക്സിബിഷനുകള്‍, പ്രസിദ്ധീകരണങ്ങള്‍, എന്നിവയിലെല്ലാം വിപുലമായ സംഭാവനകള്‍ നല്‍കിവരികയാണ്.

ദുര്‍ബലരായ കരകൗശലസമൂഹങ്ങളുടെയും ക്രിയേറ്റീവ് പ്രൊഫഷണലുകളുടെയും പരമ്പരാഗത കഴിവുകള്‍ക്കു സമകാലികപ്രസക്തി കൊണ്ടുവരാനുള്ള വഴികള്‍ വികസിപ്പിക്കുന്ന സേഥി അതിന്റെ ഭാഗമായിക്കൂടിയാണ് കേരളപര്യടനം നടത്തിയത്. വേള്‍ഡ് അക്കാദമി ഓഫ് ആര്‍ട്ട് ആന്‍ഡ് സയന്‍സിന്റെ സ്ഥാപകരിലൊരാളായ സേഥി നിരവധി രാജ്യാന്തരപുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മുംബൈ എയര്‍പോര്‍ട്ടില്‍ ടി2 ടെര്‍മിനലില്‍ മൂന്നു കിലോമീറ്ററോളം വരുന്ന ചുമരുകളില്‍ ഒരുക്കിയ ജയഹേ ജി.വി.കെ ന്യൂ മ്യൂസിയം ഇദ്ദേഹത്തിന്റെ ഡിസൈനാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *