കോഴിക്കോട്: സ്വന്തം അമ്മയെ കരിച്ചുകളയുന്ന മക്കളുള്ള നാടായി കേരളം മാറുന്നുവെങ്കില്‍ കേരളീയ സമൂഹത്തിന് ചികിത്സ നല്‍കണമെന്ന് എം.പി അബ്ദുസമദ് സമദാനി എം.പി. അമ്മ ഒരു വികാരമാണ്, അമ്മ ഒരു പ്രസ്ഥാനമാണ്. മാതൃത്വം തിരിച്ചറിയപ്പെടാതെ പോകുന്നുണ്ടെങ്കില്‍ ദൈവിക നീതി ഭൂമിയില്‍
തിരിച്ചു വരും. എസ്.കെ പൊറ്റെക്കാട്ട് കലാകൈരളി പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ലത് പറഞ്ഞ് കിട്ടാന്‍ പ്രയാസമുള്ള കാലമാണിത്. നന്മ ആയിരം ചെയ്ത് ഒരു വീഴ്ച വന്നാല്‍ അത് പര്‍വ്വതീകരിച്ച് അയാളെ ഗളഹസ്തം ചെയ്യുകയാണ്. ഇതൊക്കെ യാന്ത്രിക സമൂഹത്തിന്റെ ലക്ഷണങ്ങളാണ്.
സോഷ്യല്‍ മീഡിയയില്‍ എതിര്‍പ്പുകളാണ്, പോരടിക്കലാണ്, അശ്ലീലമാണ്. നല്ല വാക്ക് പറയുക, നല്ലത് എഴുതുക, നല്ല വാക്ക് കൊടുക്കുക ഇതൊക്കെ സമൂഹത്തിന് നല്‍കിയ എഴുത്തുകാരനാണ് എസ്.കെ. ഉള്ളം തെളിഞ്ഞ എഴുത്തുകാരനാണദ്ദേഹം. സൗന്ദര്യം തൊലിപ്പുറത്ത് കാണുന്നതല്ല. ഒരാളെ കാണുമ്പോള്‍ നിങ്ങള്‍ സന്തോഷവാനാകുന്നതും മറ്റൊരാള്‍ നിങ്ങളെ കാണുമ്പോള്‍ സന്തോഷവാനാകുന്നതുമാണ് യാഥാര്‍ഥ ജീവന്റെ വില. അവസാനം ബാക്കിയാവുന്നത് ജീവിതമാണ്.
മദ്യവും ലഹരിയും ലോകത്ത് എല്ലായിടത്തുമുണ്ട്. അവിടെയൊന്നും കാണാത്ത കാട്ടികൂട്ടലുകളാണ് കേരളത്തില്‍ നടക്കുന്നത്. ലഹരി വിഴുങ്ങാന്‍ കാത്തിരിക്കുന്ന കാലത്തിനെതിരേ നൈതികബോധത്തിന്റെ വേലികെട്ടാന്‍ നമുക്ക് സാധിക്കണമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പി.ആര്‍ നാഥന്‍ അധ്യക്ഷത വഹിച്ചു.