ഇലുമിനേഷന്‍ വര്‍ക്കിനുള്ള അവാര്‍ഡുകളും കൈമാറും
കോഴിക്കോട്: വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡുകള്‍ ഒക്ടോബര്‍ ഒന്നിന് വിതരണം ചെയ്യും. മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഢി, ഉദ്യോഗസ്ഥര്‍, സംഘാടക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടിന് മീഡിയ വണ്ണിലെ സ്പെഷ്യല്‍ കറസ്പോണ്ടന്റ് ഷിദ ജഗത്, മികച്ച ദൃശ്യമാധ്യമ ക്യാമറാമാന്‍ മീഡിയ വണ്ണിലെ സീനിയര്‍ ക്യാമറപേഴ്സണ്‍ മനേഷ്.പി, മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ടിന് മാതൃഭൂമി റിപ്പോര്‍ട്ടര്‍ കെ.മുഹമ്മദ് ഇര്‍ഷാദ്, മികച്ച വാര്‍ത്താ ചിത്രത്തിന് ഏര്‍പ്പെടുത്തിയ അവാര്‍ഡ് കേരള കൗമുദി ഫോട്ടോഗ്രാഫര്‍ രോഹിത് തയ്യില്‍ എന്നിവര്‍ക്കാണ് ലഭിച്ചത്. മീഡിയ അവാര്‍ഡിനോടൊപ്പം ഏറ്റവും നല്ല ഇലുമിനേഷന്‍ വര്‍ക്കിനുള്ള അവാര്‍ഡുകളും ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മറ്റു മത്സരങ്ങള്‍ക്കുള്ള അവാര്‍ഡുകളും ചടങ്ങില്‍ മന്ത്രി കൈമാറും.
ജില്ലാതല ഓണാഘോഷത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ രണ്ടിനും 11 നുമിടയില്‍ പ്രസിദ്ധീകരിച്ചതോ സംപ്രേഷണം ചെയ്തതോ ആയ വാര്‍ത്തകളാണ് അവാര്‍ഡിനായി പരിഗണിച്ചത്. ലഭിച്ച എന്‍ട്രികളില്‍ നിന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ.സജീവന്‍, ഏഷ്യാനെറ്റ് മുന്‍ ഡെപ്യൂട്ടി ചീഫ് ക്യാമറാമാന്‍ കെ.പി രമേഷ്, മാതൃഭൂമി മുന്‍ ന്യൂസ് എഡിറ്റര്‍ എം.സുധീന്ദ്രകുമാര്‍ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്. മൊമെന്റോയും പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.