മോസ്‌കോ: യു.എസ് രാഷ്ട്രീയത്തെ പിടിച്ചുലച്ച ചാരപ്രവര്‍ത്തി വെളിപ്പെടുത്തിയ യു.എസ് മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ എഡ്വോര്‍ഡ് സ്‌നോഡന് റഷ്യ പൗരത്വം നല്‍കി. 2013 മുതല്‍ റഷ്യയില്‍ ജീവിക്കുന്ന സ്‌നോഡന്‍, അമേരിക്കയിലെ രഹസ്യവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതിലൂടെയാണ് പ്രശസ്തനായത്.
അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി എജന്‍സി നടത്തുന്ന വിവര ചോര്‍ത്തലിനെക്കുറിച്ച് 2013 ലാണ് എഡ്വേര്‍ഡ് സ്‌നോഡന്‍ വെളിപ്പെടുത്തിയത്. മൈക്രോസോഫ്റ്റ്, ഗൂഗിള്‍, യാഹൂ, ഫെയ്‌സ്ബുക്ക്, ആപ്പിള്‍ ഉള്‍െപ്പടെ ഒന്‍പത് ഇന്റര്‍നെറ്റ് കമ്പനികളുടെ സര്‍വറുകളും ഫോണ്‍ സംഭഷണങ്ങളും അമേരിക്ക ചോര്‍ത്തുന്നു എന്നായിരുന്നു എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍. നിയമ നടപടിക്ക് വിധേയനാക്കാന്‍ എഡ്വേര്‍ഡ് സ്‌നോഡനെ തിരികെ കൊണ്ടുവരാനായി അമേരിക്ക ശ്രമിക്കുന്നതിനിടെയാണ് പൗരത്വം നല്‍കി കൊണ്ടുള്ള റഷ്യന്‍ തീരുമാനം.
എഡ്വേര്‍ഡ് സ്‌നോഡന്റെ നേതൃത്വത്തില്‍ 2017 ല്‍ ഇറക്കിയ മൊബൈല്‍ ആപ്പും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. വ്യക്തികളുടെയും സെലിബ്രേറ്റികളുടെയും, മാധ്യമപ്രവര്‍ത്തകരുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതാണ് ‘ഹെവന്‍’ എന്ന പേരില്‍ ഇറക്കിയിരിക്കുന്ന ആന്‍ഡ്രോയ്ഡ് ആപ്പ്. ഫ്രീഡം പ്രസ് ഫൗണ്ടേഷനും, ഗാര്‍ഡിയന്‍ പ്രോജക്ടും ചേര്‍ന്നാണ് സ്‌നോഡന്റെ നേതൃത്വത്തില്‍ ആപ്പ് തയ്യാറാക്കിയത്.
ഇന്ത്യയില്‍ വിവിധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനെതിരെ എഡ്വേര്‍ഡ് സ്‌നോഡന്‍ രംഗത്തെത്തിയിരുന്നു. വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ ക്രിമിനല്‍ നടപടിയായി കണക്കാക്കി നേരിടണമെന്നും എഡ്വേര്‍ഡ് സ്നോഡന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയിലെ ബാങ്കുകളും ടെലികോം കമ്പനികളും ആധാറിന് വേണ്ടി നിര്‍ബന്ധ ബുദ്ധിയോടെ നിലകൊള്ളുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. രാജ്യത്തെ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായും, അവ വെറും 500 രൂപയ്ക്ക് ഓണ്‍ലൈന്‍ വഴി വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടെന്നും ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സ്നോഡന്റെ വെളിപ്പെടുത്തല്‍.