കോഴിക്കോട്: സാമൂഹികവും സാമ്പത്തികവുമായ വികസനത്തില്‍ വലിയ മാറ്റങ്ങളില്‍ എത്തി നില്‍ക്കുന്ന സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ഗവേണ്‍സ് ഉടന്‍ നടപ്പിലാകുമെന്ന് ചീഫ് സെക്രട്ടറി വി.പി ജോയി. സെക്രട്ടറിയേറ്റ് ഓഫീസു മുതല്‍ താഴെ തട്ടിലുള്ള മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും പരസ്പരം ബന്ധിപ്പിച്ചുള്ള ഡിജിറ്റല്‍ സംവിധാനമാണിത്. ഇനി ഏത് സര്‍ക്കാര്‍ കാര്യങ്ങളുമായി ബന്ധപ്പെട്ട ഫയലുകള്‍ വീട്ടില്‍ നിന്നും കമ്പ്യൂട്ടര്‍ സിസ്റ്റം വഴി നേടാവുന്നതും കാര്യങ്ങള്‍ മനസിലാക്കാനും സാധിക്കും ഇത് ഇന്ത്യയിലാദ്യമാകും ഒരു സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ഇതോടെ ഓദ്യോഗിക നിര്‍വഹണത്തിന് ഇന്ത്യയിലാദ്യത്തെ പേപ്പര്‍ രഹിത സംസ്ഥാനമായി കേരളം മാറുമെന്നും വി.പി ജോയ് വ്യക്തമാക്കി. കോഴിക്കോടിന്റെ വികസനവുമായി ബന്ധപ്പെട്ട് കാലിക്കറ്റ് ചേംബര്‍ നിവേദനത്തില്‍ പരാമര്‍ശിച്ച മുഴുവന്‍ കാര്യങ്ങളും വേഗത്തില്‍ നടപ്പിലാക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോടിന്റെ സമഗ്ര വികസനം സംബന്ധിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലുടെ വേഗത കൂടുമ്പോള്‍ അതിനുസരിച്ച് സംരംഭകരും മാറണം. വികസനം നടപ്പിലാക്കുമ്പോള്‍ ജനങ്ങളുടെ മനോഭാവത്തിലും മാറ്റം വരേണ്ടതുണ്ട്. ചേംബര്‍ പോലുള്ള സന്നദ്ധ സംഘടനകള്‍ ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മുന്നിട്ടിറങ്ങണം. ഏത് വികസനം വന്നാലും കേസ് കൊടുക്കുന്ന പ്രവണത ഒഴിവാക്കാന്‍ ശ്രമിക്കണം.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ സംരംഭകത്വ സംസ്‌കാരം കൊണ്ട്‌വരണം. കയറ്റുമതി ചെയ്യുന്ന ഉല്‍പ്പനങ്ങള്‍ എങ്ങനെ ഇവിടെ ഉല്‍പ്പാദിപ്പിക്കാമെന്ന് ആലോചിക്കണം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എല്ലാ പ്രോത്സാഹനവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സപ്ലൈ കേരള ആപ്പിലൂടെ സാധനങ്ങള്‍ ഓണ്‍ലൈന്‍ വഴി വാങ്ങാനുള്ള സൗകര്യവും വൈകാതെ ഉണ്ടാകുമെന്നും വി.പി ജോയി പറഞ്ഞു. ചേംബര്‍ പ്രസിഡന്റ് റാഫി.പി ദേവസ്സി അധ്യക്ഷത വഹിച്ചു. ചേംബര്‍ ടൂറിസം കമ്മിറ്റി ചെയര്‍മാന്‍ പി.എ ആസിഫ് മുഖ്യ അതിഥിയെ പരിചയപെടുത്തി. ചേംബറിന്റെ നിവേദനം മുന്‍ പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍ കൈമാറി. മുന്‍ പ്രസിഡന്റ്മാരായ എം. മുസമ്മില്‍, സി.ഇ ചാക്കുണ്ണി, എം.ശ്രീരാം എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി എ.പി അബ്ദുള്ളക്കുട്ടി സ്വാഗതവും ട്രഷറര്‍ ബോബിഷ് കുന്നത്ത് നന്ദിയും പറഞ്ഞു.