ദോഹ: ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായ വാഗ്മിയുമായ ഡോ. യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി അന്തരിച്ചു. 96 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മരണ വിവരം അറിയിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഖത്തറില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ച അദ്ദേഹം ആഗോള ഇസ്‌ലാമിക പണ്ഡിതസഭയുടെ അധ്യക്ഷനായിരുന്നു.
1926ല്‍ ഈജിപ്തിലെ ത്വന്‍തയ്ക്കു സമീപം സ്വഫ്ത്തു റാബിലാണ് ഖറദാവിയുടെ ജനനം. ത്വന്‍തയിലെ മതപാഠശാലയില്‍നിന്ന് പ്രാഥമിക, സെക്കന്‍ഡറി വിദ്യാഭ്യാസം നേടിയ ശേഷം ഉപരിപഠനത്തിനായി അല്‍അസ്ഹറില്‍ ചേര്‍ന്നു. അസ്ഹറില്‍നിന്ന് ഖുര്‍ആന്‍, ഹദീസ് പഠനങ്ങളിലും ഭാഷാ സാഹിത്യത്തിലും ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1973ല്‍ ഡോക്ടറേറ്റും സ്വന്തമാക്കി. ഈജിപ്ത് മതകാര്യ വകുപ്പ് ഉദ്യോഗസ്ഥനായും അല്‍ അസ്ഹറില്‍ സാംസ്‌കാരിക വകുപ്പിന്റെ പ്ര സിദ്ധീകരണ വിഭാഗം മേധാവിയായും പ്രവര്‍ത്തിച്ചു. 1961ല്‍ ഖത്തറില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹം ദോഹയിലെ റിലീജ്യസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍സ്‌പെക്ടറായി. 1973ല്‍ ഖത്തറിന്റെ മതകാര്യ മേധാവിയായി നിയമിതനായി. 2004ല്‍ കിങ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ചു.