കശ്മീര്‍: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി’ എന്നാണ് പാര്‍ട്ടിയുടെ പേര്. കഴിഞ്ഞ 26ന് കോണ്‍ഗ്രസ് വിട്ട ശേഷമുള്ള ആദ്യ പൊതുസമ്മേളനത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് ആസാദ് അറിയിച്ചിരുന്നു. തന്റെ പേരു പോലെ ആസാദ് (സ്വതന്ത്ര്യം) ആയ പ്രത്യയശാസ്ത്രം ആയിരിക്കും പാര്‍ട്ടിയുടേതെന്ന് അദ്ദേഹം പറഞ്ഞു.
മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുകയോ ലയിക്കുകയോ ചെയ്യില്ല. അതേസമയം മറ്റു പാര്‍ട്ടികളോടു വിരോധവുമില്ല. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് പുനഃസ്ഥാപിക്കുന്നതിനെപ്പറ്റി വ്യാജമായ വാഗ്ദാനം നല്‍കാന്‍ തയാറല്ലെന്ന് ആസാദ് പറഞ്ഞു. പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഉണ്ടെങ്കില്‍ മാത്രമേ അതു സാധിക്കുകയുള്ളൂ. ഇതിനാവശ്യമായ 350 സീറ്റ് കോണ്‍ഗ്രസിന് നേടാനാവില്ല. കോണ്‍ഗ്രസും ഏതാനും പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്നാലും അതു സാധിക്കില്ലെന്ന് ആസാദ് അന്ന് വ്യക്തമാക്കിയിരുന്നു.
സ്വതന്ത്ര നിലപാടുള്ള പാര്‍ട്ടിയുടെ ലക്ഷ്യം കശ്മീരിന്റെ സംസ്ഥാന പദവി തിരിച്ചുപിടിക്കുക, തദ്ദേശീയര്‍ക്കു ഭൂമിയിലും തൊഴിലിലുമുള്ള അവകാശം സംരക്ഷിക്കുക എന്നിവ ആയിരിക്കുമെന്നും ആസാദ് പറഞ്ഞു.