ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ അശോക് ഗെഹ്‌ലോട്ട് തന്റെ നിലപാട് ദേശീയ നേതൃത്വത്തെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. ഒന്നും തന്റെ കൈയിലല്ലെന്നും എം.എല്‍.എമാര്‍ ദേഷ്യത്തിലാണെന്നും ഗഹ്‌ലോട്ട് ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ ഗഹ്‌ലോട്ട് ഫോണില്‍ വിളിച്ച് നിലപാട് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, വേണുഗോപാല്‍ ഇക്കാര്യം നിഷേധിച്ചു. ഗഹ്‌ലോട്ട് തന്നോട് സംസാരിച്ചിട്ടില്ലെന്നും കാര്യങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഗഹ്‌ലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്തുവന്നു. ഗഹ്‌ലോട്ട് ഹൈക്കമാന്‍ഡിനെ അപമാനിച്ചെന്നാണ് നേതാക്കള്‍ പറയുന്നത്. എം.എല്‍.എമാരുടെ രാജിനീക്കം ഗഹ്‌ലോട്ടിന്റെ പദ്ധതിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയാകുമെന്ന സച്ചിന്‍ പൈലറ്റ് എം.എല്‍.എമാര്‍ക്ക് സൂചന നല്‍കിയിരുന്നുവെന്നും ഇതാണ് ഗഹ്‌ലോട്ടിനെ ചൊടിപ്പിച്ചതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
അധ്യക്ഷ തിരഞ്ഞെടുപ്പിന് ശേഷം മതി മുഖ്യമന്ത്രി ചര്‍ച്ചയെന്ന ആവശ്യവും അംഗീകരിച്ചില്ലെന്നതാണ് കടുത്ത തീരുമാനത്തിലേക്ക് ഗഹ്‌ലോട്ട് പക്ഷത്തെ എത്തിച്ചത്. 92 എം.എല്‍.എമാരും കഴിഞ്ഞ രാത്രി സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയിരുന്നു. രാജസ്ഥാനില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണായക നിയമസഭാകക്ഷി യോഗം ഇന്നലെ റദ്ദാക്കിയിരുന്നു. നിരീക്ഷകരെ ഹൈക്കമാന്‍ഡ് തിരികെ വിളിപ്പിക്കുകയും ചെയ്തു. അശോക് ഗഹ്‌ലോട്ടിനേയും സച്ചിന്‍ പൈലറ്റിനേയും ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.