കോഴിക്കോട്: കോടതിയുടെ നിര്‍ദേശത്തിന് വിധേയമായി ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി ഒരു മാസത്തിനകം നിര്‍ദേശം സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതിയെ ചുമതലപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഹോളി ലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി ഭാരവാഹികളുടെ അടിയന്തരയോഗം സ്വാഗതം ചെയ്തു.
ഇരു സഭാ പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ചര്‍ച്ചകള്‍ തുടരണമെന്നും പുതിയ കേസുകള്‍ ഇരുകൂട്ടരും കൊടുക്കരുതെന്നും നിലവിലുള്ള കേസുകളില്‍ സമ്മര്‍ദം ചെലുത്തരുതെന്നുമുള്ള മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ഇരു വിഭാഗവും അംഗീകരിച്ചത് വിശ്വാസികള്‍ക്ക് ശുഭപ്രതീക്ഷ നല്‍കുന്നു എന്ന് യോഗം വിലയിരുത്തി. ഹോളി ലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി ഉള്‍പ്പെടെയുള്ളവരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് തര്‍ക്കമുള്ള പള്ളികളില്‍ ശവസംസ്‌കാരത്തിന് ആദ്യം ഓര്‍ഡിനന്‍സും പിന്നീട് നിയമനിര്‍മാണവും നടത്തിയ മാതൃകയില്‍ ജസ്റ്റിസ് കെ.ടി തോമസ് കമ്മീഷന്‍ നിര്‍ദേശിച്ച ചര്‍ച്ച് ബില്‍ എത്രയും വേഗം നിയമസഭയില്‍ പാസാക്കി പ്രശ്‌നം ശാശ്വതമായി പരിഹരിക്കണമെന്ന് യോഗം ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു.
ഹോളി ലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. നിയമോപദേഷ്ടാവ് അഡ്വ. എം.കെ അയ്യപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. മറ്റു ഭാരവാഹികളായ പ്രൊഫസര്‍ ഫിലിപ്പ് കെ.ആന്റണി, ബേബി കിഴക്കേഭാഗം, എന്‍ജിനീയര്‍ ജോയ് ജോസഫ്. കെ, എം.കെ. ബിജു, സി.വി ജോസി, ജെയിംസ് സി.എം, ഷാജു സി. മാത്യു എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി എം.സി ജോണ്‍സണ്‍ സ്വാഗതവും ഖജാന്‍ജി സി.സി മനോജ് നന്ദിയും രേഖപ്പെടുത്തി.