മാഹി: എന്റെ പുഴ, ഞാന്‍ കാണുന്ന പുഴ, എന്റെ സ്വപ്‌നത്തിലെ പുഴ എന്നീ ആശയത്തിലൂടെ മയ്യഴിപ്പുഴയോരത്തെ വിശാലമായ നടപ്പാതയില്‍ നടന്ന ‘വരവര്‍ണ്ണപ്പുഴകള്‍’ ചിത്രരചനാ മത്സരം ശ്രദ്ധേയമായി.കേരള നദീ സംരക്ഷണ സമിതിയും മയ്യഴിപ്പുഴ സംരക്ഷണ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന നദീ ദ്വൈവാചരണത്തിന്റെ ഭാഗമായി, ആശ്രയ വിമന്‍സ് കോ-ഓപ്പ് സൊസൈറ്റി സംഘടിപ്പിച്ച ചിത്രരചനാ മത്സരമായ വരവര്‍ണപ്പുഴകള്‍ക്ക് നൂറോളം കുട്ടികളുടെ പങ്കാളിത്തമുണ്ടായി. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തിലായാണ് മത്സരം സംഘടിപ്പിച്ചത്.
പുഴകളെ മാലിന്യമുക്തമാക്കാന്‍ മനസ്സുകളിലെ മാലിന്യം പുറത്ത് കളയണമെന്നും മനസ്സ് മാലിന്യമുക്തമാകാന്‍ മികച്ച വഴികളിലൊന്ന് ചിത്ര രചനയാണെന്ന് ചിത്രകാരന്‍ വത്സന്‍ കൂര്‍മ്മ കൊല്ലേരി ഉദ്ഘാടന ഭാഷണത്തില്‍ പറഞ്ഞു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് സ്വര്‍ണ്ണ മെഡലും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂവായിരം രൂപ വീതവും മൂന്നാം സ്ഥാനക്കാര്‍ക്ക് ആയിരം രൂപ വീതവും നല്‍കുമെന്ന് ആശ്രയ പ്രസിഡന്റ് കെ.ഇ സുലോചന പറഞ്ഞു. മത്സര വിജയികളെ ഒക്ടോബര്‍ മൂന്നിന് മാഹി ഇ.വത്സരാജ് ജൂബിലി ഹാളില്‍ നടക്കുന്ന സമാപന ചടങ്ങില്‍ പ്രഖ്യാപിക്കും, സമ്മാനദാനം പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ നിര്‍വഹിക്കും. പോണ്ടിച്ചേരി മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പി.കെ സത്യാനന്ദന്‍ അധ്യക്ഷത വഹിച്ചു. ദിനേശ് മംഗലാട്ട് മുഖ്യാതിഥിയായി. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഷൗക്കത്ത് അലി എരോത്ത് ഏകോപനം നടത്തി.ആശ്രയ വിമന്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ.ഇ.സുലോചന സ്വാഗതവും ചീഫ് കോര്‍ഡിനേറ്റര്‍ സി.കെ രാജലക്ഷ്മി നന്ദിയും പറഞ്ഞു.