കോഴിക്കോട്: ബഹിരാകാശവാരത്തില്‍ സംസ്ഥാനത്തെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കുള്‍ വിദ്യാര്‍ഥികള്‍ക്കായി ബഹിരാകാശശാസ്ത്രത്തില്‍ സംഘടിപ്പിക്കുന്നു വിവിധ മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ തീയതി 28 വരെ നീട്ടി. ബഹിരാകാശരംഗത്തെ നൂതനാശയങ്ങള്‍ കണ്ടെത്തുന്നതിനായി ‘തിങ്ക് ഫോര്‍ എ ബെറ്റെര്‍ ടുമോറോ’ ആശയമത്സരം, ബഹിരാകാശവിഷയങ്ങളെ ആസ്പദമാക്കി ‘പെയിന്റ് ദ് കോസ്‌മോസ്’ ചിത്രരചനാ മത്സരം, ‘അസ്‌ട്രോഫയല്‍’ സ്‌പേസ് ക്വിസ് എന്നിവയാണു മത്സരങ്ങള്‍. എട്ടു മുതല്‍ പ്ലസ്ടുവരെ ക്ലാസുകാര്‍ക്ക് ഒറ്റ വിഭാഗമായാണു മത്സരങ്ങള്‍. സ്‌കൂളുകളുടെയും വിദ്യാര്‍ത്ഥികളുടെയും അഭ്യര്‍ത്ഥനപ്രകാരം ആണു തീയതി നീട്ടിയത്.
‘പെയിന്റ് ദ് കോസ്‌മോസ്’, ‘തിങ്ക് ഫോര്‍ എ ബെറ്റെര്‍ ടുമോറോ’ എന്നീ മത്സരങ്ങള്‍ക്ക് ഒരു സ്‌കൂളില്‍നിന്ന് ഒരു വിദ്യാര്‍ത്ഥിക്കാണു പങ്കെടുക്കാന്‍ അവസരം. വിദ്യാലയങ്ങള്‍ വഴി മാത്രമാണു രജിസ്‌ട്രേഷന്‍. സെപ്റ്റംബര്‍ അവസാനവാരത്തോടെ ഇവയുടെ രജിസ്‌ട്രേഷന്‍ അവസാനിക്കും. സ്‌പേസ് ക്വിസിനു വിദ്യാര്‍ഥികള്‍ക്കു നേരിട്ടു രജിസ്റ്റര്‍ ചെയ്യാം. സെപ്റ്റംബര്‍ 28 ആണ് അവസാനതീയതി.
കോഴിക്കോട് ആസ്ഥാനമായി അന്താരാഷ്ട്രനിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന യുഎല്‍ സ്‌പേസ് ക്ലബ്ബാണ് പരിപാടിയുടെ സംഘാടകര്‍. യുഎല്‍ സ്‌പേസ് ക്ലബിന്റെ ആറാം സ്ഥാപനദിനവും ലോകബഹിരാകാശവാരവും ഒന്നിച്ചു കൊണ്ടാടുന്നതിന്റെ ഭാഗമായാണു മത്സരങ്ങള്‍. യു.എല്‍ സ്‌പേസ് ക്ലബ്ബിന്റെ www.ulspaceclub.in എന്ന വെബ്‌സൈറ്റിലൂടെയാണു രജിസ്‌ട്രേഷന്‍.
ബഹിരാകാശവിഷയങ്ങള്‍, സ്റ്റെം വിഷയങ്ങള്‍ (സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്ങ് ആന്‍ഡ് മാത്തമാറ്റിക്‌സ് – STEM) എന്നിവയില്‍ തല്‍പരാരായ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ പരിപാടികളും യു.എല്‍ സ്‌പേസ് ക്ലബ് നടത്തുന്നുണ്ട്. ഒക്ടോബര്‍ നാല് മുതല്‍ 10 വരെയാണു പരിപാടികള്‍.