കോഴിക്കോട്: കേരളത്തില്‍ വ്യോമ – റെയില്‍-റോഡ്- ജലഗതാഗത സംവിധാനം അനുദിനം ദുഷ്‌കരവും ചിലവേറിയതും സമയ നഷ്ടത്തിനും ഇടവരുത്തുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ യാത്രാ ക്ലേശം ലഘൂകരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ സംഘടനകളുടെ സംയുക്ത യോഗം ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിച്ചു.
കൗണ്‍സില്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. കേരളത്തിലെ റോഡിന്റെ ശോചനീയാവസ്ഥയും പാര്‍ക്കിങ് പരിമിതിയും ഗതാഗതക്കുരുക്കും ആവശ്യത്തിന് തീവണ്ടികള്‍ ഇല്ലാത്തതും വേണ്ടത്ര കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസ് സര്‍വീസുകളുടെ കുറവും അമിത നിരക്കുകളും യാത്ര ക്ലേശവും അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് വിപുലമായ യോഗം വിളിച്ചുചേര്‍ത്തതെന്ന് അധ്യക്ഷപ്രസംഗത്തില്‍ സൂചിപ്പിച്ചു.
വ്യോമ-റെയില്‍-റോഡ്-ജലഗതാഗത സൗകര്യം തെക്കന്‍ കേരളത്തിലെക്കാള്‍ താരതമ്യേന കൂടുതല്‍ രൂക്ഷമാണ് മലബാറില്‍. ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന വകുപ്പുകളില്‍ സമഗ്ര ഓഡിറ്റിങ് നടത്തി അടിയന്തര നടപടികള്‍ സ്വീകരിച്ചു പരിഹരിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. അല്ലാത്തപക്ഷം കൊവിഡിന് ശേഷം ടൂറിസം മേഖല ഉള്‍പ്പെടെയുള്ള സമസ്ത മേഖലകളുടെയും ഉയര്‍ത്തെഴുന്നേല്‍പ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ആശങ്ക പ്രകടിപ്പിച്ചു.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പൊന്നാനി-തിരൂര്‍, ഫറോക്ക്-മാവൂര്‍-അരീക്കോട് റൂട്ടില്‍ നടത്തിയിരുന്ന ബോട്ട് സര്‍വീസ് പുനരാരംഭിക്കുക, പ്രധാന നഗരങ്ങളില്‍ സര്‍ക്കുലര്‍ ബസ്‌സര്‍വീസ്, ഷെയര്‍ ഓട്ടോ, ടൂവീലര്‍ ടാക്‌സി എന്നിവ അനുവദിക്കുക, ബൈസിക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കുക, ലക്ഷദ്വീപുകള്‍ക്ക് ഏറ്റവും അടുത്ത വന്‍കരയായ കോഴിക്കോട്ടേക്ക് ( ബേപ്പൂര്‍ ) കൂടുതല്‍ ചരക്ക് – യാത്ര കപ്പലുകളും കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വിമാന കണക്ടിവിറ്റിയും ഏര്‍പ്പെടുത്തണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞദിവസം നടന്ന കൂടിക്കാഴ്ചയില്‍ ഈ ആവശ്യം തുറമുഖ വകുപ്പ് മന്ത്രിയായ അഹമ്മദ് കോവില്‍, പോര്‍ട്ട് ഓഫീസര്‍ അശ്വിനി പ്രതാപ്, കോഴിക്കോട് വിമാനത്താവള ഡയരക്ടര്‍ എസ്. സുരേഷ് എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കൗണ്‍സില്‍ ഭാരവാഹികള്‍ യോഗത്തില്‍ അറിയിച്ചു.ആഘോഷ-അവധി കാലങ്ങളില്‍ വിമാന കമ്പനികളുടെ അമിത യാത്രാനിരക്ക് നിയന്ത്രിക്കുന്നതിന് ബേപ്പൂര്‍ – യു.എ.ഇ സെക്ടറില്‍ സര്‍വീസ് നടത്താന്‍ സന്നദ്ധരായ കപ്പല്‍ കമ്പനികള്‍ക്ക് അനുമതി നല്‍കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
കോണ്‍ഫറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജോയ് ജോസഫ്. കെ, കണ്‍വീനര്‍മാരായ സണ്‍ഷൈന്‍ ഷോര്‍ണൂര്‍, പി.ഐ. അജയന്‍, ഓള്‍ കേരള കണ്‍സ്യൂമര്‍ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറിമാരായ കുന്നോത്ത് അബൂബക്കര്‍, ജിയോ ജോബ്, ഡിസ്ട്രിക്ട് മര്‍ച്ചന്റ് അസോസിയേഷന്‍ സെക്രട്ടറിമാരായ സി.വി ജോസി, എന്‍. റിയാസ്, മലബാര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കമ്മിറ്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ കെ.എന്‍ ചന്ദ്രന്‍, പ്രൊഫസര്‍ ഫിലിപ്പ് കെ.ആന്റണി, ഓള്‍ കേരള ബൈസിക്കിള്‍ പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി എം.എം സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു. മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അഡ്വ. എം.കെ അയ്യപ്പന്‍ സ്വാഗതവും ഖജാന്‍ജി എം.വി കുഞ്ഞാമു നന്ദിയും പറഞ്ഞു.