കോഴിക്കോട്: കോഴിക്കോട് ജില്ലാലൈബ്രറി കൗണ്‍സില്‍ വികസനസമതിയുടെ ആഭിമുഖ്യത്തില്‍ 18ാമത് പുസ്തകോത്സവം 27 മുതല്‍ 30 വരെ നാരായന്‍ നഗറില്‍ (ഇ.എം.എസ് സ്‌റ്റേഡിയം ഗ്രൗണ്ട്) നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാലുദിവസം നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവം 27ന് രാവിലെ 10 മണിക്ക് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 70 ഓളം പ്രസാധകരും 120 സ്റ്റാളുകളും പുസ്തകോത്സവത്തില്‍ പങ്കെടുക്കും. ജില്ലയിലെ 560 അംഗീകൃത ഗ്രന്ഥശാലകള്‍ക്കായി ഒരുകോടിയിലധികം രൂപയാണ് ഗ്രാന്റായി അനുവദിച്ചിട്ടുള്ളതെന്ന് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ജോയന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്‍ പറഞ്ഞു. 27ന് ഉദ്ഘാടനത്തിന് ശേഷം വിവിധ എഴുത്തുകാരുടെ പുസ്തക പ്രകാശനം നടക്കും. വൈകീട്ട് മൂന്ന് മണിക്ക് ‘ഇന്ത്യന്‍ മാധ്യമങ്ങള്‍ വെല്ലുവിളിയും ഭാവിയും’ എന്ന വിഷയത്തിലെ മാധ്യമസംവാദം ദേശാഭിമാനി വാരിക എഡിറ്റര്‍ കെ.പി മോഹനന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ബാലവേദിയംഗങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറും. 28ന് ഉച്ചക്ക് മൂന്ന് മണിക്ക് ‘സ്വാതന്ത്ര്യാനന്തര ഇന്ത്യ-ജിവിതം-സംസ്‌കാരം-ഭാവി’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. പ്രശസ്ത കഥാകൃത്ത് അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ.ഇ.എന്‍, ഡോ.മാളവിക ബിന്നി, അഡ്വ.പി.എം സുരേഷ്ബാബു എന്നിവര്‍ സംസാരിക്കും.
29ന് വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന കവി സമ്മേളനം പ്രശസ്ത കവി ഡോ.രാവുണ്ണി ഉദ്ഘാടനം ചെയ്യും. 30ന് രാവിലെ 10:30ന് സമാപന സമ്മേളനം നടക്കും. ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്യും. വര്‍ഗീയത ചെറുക്കാന്‍ വായന ശക്തിപ്പെടണമെന്നും അതിനായി കര്‍മപദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്നും സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം കെ.ചന്ദ്രന്‍മാസ്റ്റര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസനസമിതി പ്രസിഡന്റ് ഡോ.കെ.ദിനേശന്‍, സെക്രട്ടറി എന്‍.ഉദയന്‍മാസ്റ്റര്‍ എന്നിവരും സംബന്ധിച്ചു.