അശാസ്ത്രീയവും അനിയന്ത്രിതവുമായ കെട്ടിട നികുതി സര്‍ക്കാര്‍ പിന്‍വലിക്കണം: കെ.ബി.ഒ.ഡബ്ല്യു.എ ധര്‍ണ 27ന്

അശാസ്ത്രീയവും അനിയന്ത്രിതവുമായ കെട്ടിട നികുതി സര്‍ക്കാര്‍ പിന്‍വലിക്കണം: കെ.ബി.ഒ.ഡബ്ല്യു.എ ധര്‍ണ 27ന്

കോഴിക്കോട്: അശാസ്ത്രീയവും അനിയന്ത്രിതവുമായ കെട്ടിടനികുതി സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 27ന് രാവിലെ 10 മണിക്ക് കലക്ട്രേറ്റിലേക്ക് പ്രകടനവും തുടര്‍ന്ന് ധര്‍ണയും നടത്തുമെന്ന് കേരള ബില്‍ഡിങ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് പി.കെ ഫൈസലും ജനറല്‍ സെക്രട്ടറി പി.ചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിലവില്‍ അഞ്ച്‌വര്‍ഷം കൂടുമ്പോഴാണ് കെട്ടിട നികുതി പരിഷ്‌കരിക്കാറുള്ളത്. ധനകാര്യകമ്മീഷന്‍ ശുപാര്‍ശയുടെ മറവില്‍ വര്‍ഷത്തില്‍ അഞ്ച് ശതമാനം കെട്ടിടനികുതി വര്‍ധിപ്പിക്കാനും ഭൂമിയുടെ ന്യായവിലക്കനുസരിച്ച് കെട്ടിടനികുതി നിര്‍ണയിക്കാനുമുള്ള തീരുമാനം കെട്ടിട ഉടമകളെ തകര്‍ക്കുന്നതാണ്. പ്രളയം, കൊവിഡ് മൂലം പലര്‍ക്കും കൃത്യമായ വാടക ലഭിച്ചിട്ടില്ല. ദേശീയപാത വികസനത്തില്‍ കെട്ടിടം നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. ഭൂമിക്ക് വിലതന്നതല്ലാതെ കെട്ടിട നിര്‍മാണത്തിന് ഇത് അപര്യാപ്തമാണ്. നിയമാനുസൃതം നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനാനുമതി നിഷേധിക്കുകയാണ്.

വാടകക്കാര്‍ കെട്ടിട ഉടമ അറിയാതെ പീടികമുറികള്‍ മേൽവാടകക്ക് നല്‍കുകയാണ്. കെട്ടിട ഉടമയുടെ അനുമതിയില്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലൈസന്‍സ് പുതുക്കി കൊടുക്കുകയാണ്. റവന്യു ടാക്‌സ്, ലേബര്‍ സെസ്, എന്നിവയും സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുകയാണ്. വാടക വരുമാനത്തേക്കാള്‍ വലിയ നി കുതിയാണ് ഈടാക്കുന്നത്. ഇതൊന്നും സാധാരണക്കാരായ ഇടത്തരം കെട്ടിട ഉടമകള്‍ക്ക് താങ്ങാന്‍ സാധിക്കുന്നതല്ല. പരിഷ്‌കരിച്ച കെട്ടിട വാടക ബില്‍ ഉടന്‍ പാസാക്കുക, ആഡംബര നികുതി 15 ശതമാനം വര്‍ധിപ്പിച്ചത് ഒഴിവാക്കുക, നിര്‍മാണ സാമഗ്രികളുടെ അനിയന്ത്രിത വിലവര്‍ധനവ് തടയണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ കരയത്ത് ഹമീദ് ഹാജി, സി.സെയ്തുട്ടി ഹാജി, സുനില്‍ ജോര്‍ജ്, കെ.കെ ജഗദീഷ് എന്നിവരും സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *