കോഴിക്കോട്: അഴകൊടി ദേവി മഹാക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങള്‍ 26 മുതല്‍ ഒക്ടോബര്‍ അഞ്ച്‌വരെ നടക്കുമെന്ന് ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ടി.രാധാകൃഷ്ണനും എക്‌സിക്യൂട്ടീവ് ഓഫിസര്‍ വി.ബാബുരാജും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിപുലമായ രീതിയിലാണ് നവരാത്രി ആഘോഷങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഒന്നാംദിവസം മുതല്‍ 10ാം ദിവസംവരെ വിശേഷാല്‍ പൂജകളും വഴിപാടുകളും ഭക്തര്‍ക്കായി ഒരുക്കിയിട്ടുണ്ട്. സരസ്വതി മണ്ഡപത്തില്‍ പ്രത്യേക കലാപരിപാടികളും അരങ്ങേറും . കുമാരിപൂജ, പറനിറയ്ക്കല്‍ എന്നീ ചടങ്ങുകളും നടക്കും.
ക്ഷേത്രം തന്ത്രി പാതിരിശ്ശേരി മിഥുന്‍ നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും. ഒക്ടോബര്‍ രണ്ട് ഞായറാഴ്ച വൈകീട്ട് തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാരുടെ പ്രമാണത്തില്‍ 101 വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന മെഗാ പാണ്ടിമേള അരങ്ങേറും. 26ന് രാത്രി എട്ട് മണിക്ക് ഗുരുനാട്യ കലാക്ഷേത്രത്തിലെ പ്രസന്നപ്രകാശിന്റെ ശിക്ഷണത്തിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന നൃത്താര്‍ച്ചനയും വിവിധ കലാകാരന്മാര്‍ അണിനിരക്കുന്ന കലാസന്ധ്യയും അരങ്ങേറും. 27ന് രാത്രി എട്ട് മണിക്ക് തൃപ്പുണിത്തുറ കെ.വി.എസ് ബാബുമാസ്റ്റര്‍ ആന്‍ഡ് പാര്‍ട്ടിയുടെ സംഗീത കച്ചേരിയും നൃത്ത്യോന്നതി പുരസ്‌കാര ജേതാവ് കലാക്ഷേത്ര അനിയന്‍മാസ്റ്ററുടെ ശിക്ഷണത്തില്‍ നടനശ്രീ കലാക്ഷേത്രയിലെ വിദ്യാര്‍ഥിനികളുടെ ഡാന്‍സ്ഫ്യൂഷനും ഭരതനാട്യ അരങ്ങേറ്റവും ഉണ്ടാകും.
28ന് വൈകീട്ട് 5.30ന് ഗാനമഞ്ജരി ഭജനസംഘത്തിന്റെ ഭജനയും എട്ട് മണിക്ക് കലാസന്ധ്യയും 29ന് വൈകീട്ട് സത്യസായി സേവാസമിതി ഭജന്‍സ് ബിലാത്തിക്കുളത്തിന്റെ ഭജനയും എട്ട് മണിക്ക് കലാമണ്ഡലം വിനോദിനി ടീച്ചറുടെ ശിക്ഷണത്തിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന നൃത്തവിരുന്ന് നാട്യദര്‍പ്പണം അരങ്ങേറും. 30ന് വൈകീട്ട് 5.30ന് അനില്‍കുമാര്‍ കെ.ടി ആന്‍ഡ് പാര്‍ട്ടിയുടെ ഭജന, രാത്രി എട്ട് മണിക്ക് ചിദംബരം അക്കാദമി ഗിരിധര്‍കൃഷ്ണയുടെ ശിക്ഷണത്തിലെ വിദ്യാര്‍ഥിനികള്‍ അവതരിപ്പിക്കുന്ന കഥക് കലാവിസ്മയവും ഒന്നാം തിയ്യതി വൈകീട്ട് 5.30ന് രുദ്രവീണ ഭജന്‍സ്-ശ്രീകലാലയം ചേളന്നൂരിന്റെ ഭജന, എട്ട് മണിക്ക് കലാമാമാങ്കം മെഗാഷോ, രണ്ടാം തിയ്യതി 3.30ന് മെഗാ പാണ്ടിമേളം, 5.30ന് സത്യസായ് സേവാസമിതിയുടെ ഭജന്‍സ്, എട്ട് മണിക്ക് ഭക്തി ഗാനമേള.
മൂന്നാം തിയതി മൂന്ന് മണിമുതല്‍ ഗ്രന്ഥംവയ്പ്പ്, വൈകീട്ട് 5.30ന് രാഗമാലിക ഭജനസംഘത്തിന്റെ ഭജന, എട്ട് മണിക്ക് നവരസ കലാക്ഷേത്ര കോഴിക്കോടിന്റെ നാടകവും അരങ്ങേറും. മഹാനവമി ദിനത്തില്‍ രാവിലെ ഒമ്പത് മണി മുതല്‍ കുമാരിപൂജ, വൈകീട്ട് 6.30ന് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും. അഞ്ചിന് വിജയദശമി ദിനത്തില്‍ രാവിലെ അഞ്ച് മണിമുതല്‍ വാഹനപൂജ, എട്ട് മണിക്ക് ഭക്തിഗാന സുധ, എട്ട് മണി മുതല്‍ വിദ്യാരംഭവും നടക്കും. നടത്തിപ്പിനായി ഏഴ് സബ്കമ്മിറ്റികള്‍ പ്രവര്‍ത്തിച്ച് വരികയാണ്.ട്രസ്റ്റി ബോര്‍ഡംഗങ്ങളായ എം.കെ രാജന്‍, എന്‍.പി സമീഷ്, എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.