1750 റോബോട്ടിക് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

1750 റോബോട്ടിക് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി: ഡാവിഞ്ചി സംവിധാനം ഉപയോഗിച്ച് 1750 മിനിമല്‍ ആക്‌സസ് റോബോട്ടിക് സര്‍ജറികള്‍ (മാര്‍സ്) വിജയകരമായി പൂര്‍ത്തിയാക്കിയതായി കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രി അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന റോബോട്ടിക് സര്‍ജറി കേന്ദ്രങ്ങളില്‍ ഒന്നായ ആസ്റ്റര്‍ മെഡ്‌സിറ്റി ഇതുവരെ 230 വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ മാര്‍സ് വഴി മാത്രം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഒരു റോബോട്ടിന്റെ സഹായത്തോടെ ശസ്ത്രക്രിയാ വിദഗ്ധര്‍ ചെറിയ മുറിവിലൂടെ നടത്തുന്ന പ്രത്യേകവും നൂതനവുമായ മിനിമല്‍ ആക്‌സസ് പ്രക്രിയയാണ് റോബോട്ടിക് സര്‍ജറി. ശസ്ത്രക്രിയകളുടേതായ നടപടിക്രമങ്ങളും സങ്കീര്‍ണതയും ഏറ്റവും കുറവായതിനാല്‍ റോബോട്ടിക് സര്‍ജറികള്‍ വളരെയധികം സുരക്ഷിതമാണ്.

പരമ്പരാഗത ശസ്ത്രക്രിയകളെ അപേക്ഷിച്ച് സര്‍ജന്മാര്‍ക്ക് ഏറ്റവും കൃത്യതയുള്ള ഫലം റോബോട്ടിക് സര്‍ജറിയിലൂടെ ഉറപ്പാക്കാന്‍ സാധിക്കും. സാധാരണ ശസ്ത്രക്രിയകള്‍ക്ക് ശേഷമുള്ള അനുബന്ധ വേദന, രക്ത നഷ്ടം, ശരീരത്തില്‍ മുറിപ്പാടുകള്‍ എന്നിവ വളരെ കുറവായിരിക്കും. ശസ്ത്രക്രിയയുടേതായിട്ടുള്ള അസ്വസ്ഥതകളില്‍ നിന്ന് വേഗത്തില്‍ സുഖം പ്രാപിക്കുക വഴി ആശുപത്രിവാസവും കുറയുന്നു. ഇത് രോഗികളെ വളര പെട്ടെന്ന് തന്നെ അവരുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ സഹായിക്കുന്നു.
പരിചയ സമ്പന്നരായ റോബോട്ടിക് സര്‍ജന്മാരുടെ നേതൃത്വത്തില്‍, എല്ലാ പ്രായത്തിലുമുള്ള രോഗികള്‍ക്കും യൂറോളജി, ഗൈനക്കോളജി, ഓങ്കോ സര്‍ജറി, ഗ്യാസ്‌ട്രോ സര്‍ജറി, കരള്‍ മാറ്റിവയ്ക്കല്‍ എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി റോബോട്ടിക് സര്‍ജറി നടത്തുന്നുണ്ട്.

മാര്‍സ് എന്നത് നൂതനവും കൃത്യതയുമുള്ള പ്രക്രിയയാണ്, എത്ര സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയും മാര്‍സ് വഴി വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. റോബോട്ടിക് ഉപകരണങ്ങളുടെ വൈദഗ്ധ്യം ഉപയോഗിച്ച്, ശരീരത്തിന്റെ ഏത് മൃദുലമായ ഭാഗത്തും വളരെ കൃത്യതയോടെ ശസ്ത്രക്രിയ നടത്താന്‍ കഴിയുമെന്നും ആസ്റ്റര്‍ മെഡ്‌സിറ്റി യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കിഷോര്‍ ടി.എ പറഞ്ഞു.

ഡാവിഞ്ചി സര്‍ജറി സംവിധാനം ഉപയോഗിച്ച് കൃത്യതയോടെയുള്ള റോബോട്ടിക് ശസ്ത്രക്രിയകള്‍ വാഗ്ദാനം ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ ആശുപത്രിയാണ് ആസ്റ്റര്‍ മെഡ്‌സിറ്റി. സ്‌പെഷ്യലൈസ്ഡ് റോബോട്ടിക് കരള്‍, പാന്‍ക്രിയാസ് ശസ്ത്രക്രിയ ലഭ്യമാക്കുന്ന രാജ്യത്തെ ചുരുക്കം ചില കേന്ദ്രങ്ങളില്‍ ഒന്നാമതും, റോബോട്ടിക് ട്രാന്‍സ്വാജിനല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന ലോകത്തിലെ മൂന്നാമത്തെ കേന്ദ്രവുമാണ് ആസ്റ്റര്‍ മെഡ്‌സിറ്റി.

ആരോഗ്യ സേവന രംഗത്ത് മാതൃകാപരമായ ഇടപെടലുകള്‍ നടത്തുന്ന സ്ഥാപനം എന്ന നിലയില്‍, ലോകത്ത് ലഭ്യമായ ഏറ്റവും മികച്ചതും നൂതനവുമായ ചികിത്സാ സൗകര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ആസ്റ്റര്‍ എന്നും പ്രതിജ്ഞാബദ്ധരാണ്. മാര്‍സ് പോലുള്ള അത്യാധുനിക സൗകര്യം രോഗികള്‍ക്ക് വിപുലമായ ശസ്ത്രക്രിയാ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുകയും അവരുടെ സാധാരണ ജീവിതം വീണ്ടെടുക്കാനും നയിക്കാനും അവരെ സഹായിക്കുകയും ചെയ്യുമെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്‍ഡ് ഒമാന്‍ റീജിയണല്‍ ഡയരക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

റോബോട്ടിക് സര്‍ജറിയിലെ മുന്നേറ്റത്തോടെ ഭാവിയില്‍ ഇതുപോലുള്ള നൂതന മെഡിക്കല്‍ സാങ്കേതികവിദ്യകള്‍ നടപ്പിലാക്കാന്‍ കഴിയുമെന്നും ഫര്‍ഹാന്‍ യാസിന്‍ കൂട്ടി ചേര്‍ത്തു. ഹെപ്പറ്റോബിലിയറി സര്‍ജന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജെം കളത്തില്‍, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സറീന എ.ഖാലിദ്, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പ്രകാശ്.കെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *