നാദാപുരം: സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിബന്ധനകളില്‍ പെട്ട് സാങ്കേതിക കാരണങ്ങളാല്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കിട്ടാത്ത നാദാപുരം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ വയോജനങ്ങള്‍ക്ക് മെമ്പറുടെ നേതൃത്വത്തില്‍ വയോജന നിധി രൂപീകരിച്ച് പെന്‍ഷന്‍ എത്തിക്കാന്‍ വയോജന സംഗമം തീരുമാനിച്ചു. ഇതിനായി വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ 60 വയസ്സ് കഴിഞ്ഞവരുടെ വിവരശേഖരണം പ്രത്യേക ഫോറത്തില്‍ ശേഖരിച്ചു. ഇതില്‍നിന്ന് പരിശോധിച്ച് അര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ എത്തിക്കുന്നതാണ്. വാര്‍ഡ് മെമ്പറും വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ സി.കെ നാസറിന്റെ നേതൃത്വത്തിലാണ് വയോജന നിധി ശേഖരിക്കുക. കല്ലാച്ചി എം.എല്‍.പി സ്‌കൂളില്‍ നടന്ന വയോജന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ നാസര്‍ അധ്യക്ഷത വഹിച്ചു. വയോജനങ്ങള്‍ അറിയേണ്ട നിയമങ്ങളെക്കുറിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് ക്ലാസെടുത്തു. പഞ്ചായത്തിലെ വയോജന അയല്‍ക്കൂട്ടം രൂപീകരണം സംബന്ധിച്ച് ബ്ലോക്ക് വയോജന സഭയുടെ വൈസ് പ്രസിഡന്റ് പി.കെ ദാമുമാസ്റ്റര്‍ സംസാരിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ശഹീര്‍ മുറിച്ചാണ്ടി സ്വാഗതം പറഞ്ഞു. വാര്‍ഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആതിര , ആശാവര്‍ക്കര്‍ ഷൈമ എന്നിവരുടെ നേതൃത്വത്തില്‍ വയോജന സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് സൗജന്യമായി ബ്ലഡ് പ്രഷര്‍ , ഷുഗര്‍ പരിശോധന നടത്തി. മുറിച്ചാണ്ടി അമ്മദ് ചെയര്‍മാനായും ചോയിമഠത്തില്‍ കുഞ്ഞിരാമന്‍ കണ്‍വീറുമായും വാര്‍ഡ് വയോജന സഭ രൂപീകരിച്ചു.