തലശ്ശേരി: അശാസ്ത്രീയ രീതിയില്‍ റോഡ് വികസനത്തിനായി തയാറാക്കിയ പുതിയ അലൈന്‍മെന്റിനെതിരേ വ്യാപാരികളും പ്രദേശവാസികളും മണ്ഡലം എം.എല്‍.എ കൂടിയായ സ്പീക്കര്‍ എ.എന്‍ ഷംസീറിന് നിവേദനം നല്‍കി. തലശ്ശേരി മണ്ഡലത്തില്‍ തിരുവങ്ങാട് മുതല്‍ ചമ്പാട് വരെയുള്ള ഏഴു കിലോമീറ്ററോളം വരുന്ന റോഡ് വികസനം കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 68 കോടി രൂപ എം.എല്‍.എയുടെ ഇടപ്പെടലില്‍ അനുവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരുവശങ്ങളിലുമുള്ള വ്യാപാരികളുടേയും, ഭൂമിയുടമകളുടെയും യോഗം തലശ്ശേരി റൂറല്‍ ബേങ്ക് ഓഡിറ്റോറിയത്തില്‍ ചേരുകയും റോഡിന്റെ ഇരുവശങ്ങളില്‍ നിന്നും തുല്യ രീതിയില്‍ ഭൂമി ഏറ്റെടുക്കാന്‍ ധാരണയാവുകയും ചെയ്തു.
എന്നാല്‍ ഈ തീരുമാനത്തിന് വിരുദ്ധമായി മാക്കുനി മുതല്‍ മീത്തലെ ചമ്പാട് വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂര പരിധിയില്‍ ഒരുഭാഗത്തു നിന്നും മാത്രം ഭൂമി ഏറ്റെടുത്തു കൊണ്ടുള്ള നിര്‍മാണ പ്രവൃത്തിക്കാണ് തുടക്കം കുറിക്കുന്നതെന്നും ഈ അലൈന്‍മെന്റ് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം നല്‍കിയിരിക്കുന്നത്. പുതിയ അലേയ്‌മെന്റ് പ്രകാരം നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഇല്ലാതാവും.ഏതാനും വീടുകളും ഭാഗികമായി പൊളിച്ചു മാറ്റേണ്ടി വരുമെന്നും ശാശ്വത പരിഹാരത്തിനായുള്ള ഇടപെടലുണ്ടാവണമെന്നും നിവേദനത്തില്‍ പറയുന്നു.ഇതുമായി ബന്ധപ്പെട്ടു വ്യാപാരികളും പ്രദേശവാസികളും മീത്തലെ ചമ്പാട് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇ.എം സുരേഷ് ബാബു അധ്യക്ഷനായി. വ്യാപാരി വ്യവസായ സമിതി ഏരിയ സെക്രട്ടറി പി.കെ ബാബു, പ്രസിഡന്റ് പി.ഭാസ്‌ക്കരന്‍, കെ.സഹദേവന്‍ എന്നിവര്‍ സംസാരിച്ചു.