രുചി രാജാവില്‍നിന്നും പുതിയ ബേക്കറി രുചിക്കൂട്ടുകള്‍

രുചി രാജാവില്‍നിന്നും പുതിയ ബേക്കറി രുചിക്കൂട്ടുകള്‍

പി.ടി.എന്‍

രുചിയുടെ രാജാവ് കൊച്ചിന്‍ ബേക്കറിയുടെ സാരഥി എം.പി രമേഷ്, ബേക്കറി ഉല്‍പ്പന്നങ്ങളുടെ ചരിത്രത്തില്‍ അത്ഭുതങ്ങളാണ് സൃഷ്ടിക്കുന്നത്. 1880ല്‍ തലശ്ശേരിയില്‍ മാമ്പള്ളി റോയല്‍ ബിസ്‌ക്കറ്റ് ഫാക്ടറി സ്ഥാപിച്ച രാജ്യ ചരിത്രത്തിലെ ബേക്കറി ഗാഥയില്‍ ഇടംപിടിച്ച മാമ്പള്ളി ബാപ്പുവിന്റെ പിന്മുറക്കാരനാണ് എം.പി രമേഷ്. രമേഷിന്റെ പിതാവ് അച്യുതനും സഹോദരന്മാരായ കരുണാകരന്‍, കുമാരന്‍, ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് 1939ല്‍ എറണാകുളത്ത് കൊച്ചിന്‍ ബേക്കറി സ്ഥാപിക്കുന്നത്. മാമ്പള്ളി ബാപ്പുവിന്റെ സഹോദരിയുടെ മകന്‍ ഗോപാലന്റെ ഭാര്യയുടെ ജ്യേഷ്ഠത്തിയുടെ മകനാണ് എം.പി രമേഷിന്റെ പിതാവായ അച്യുതന്‍. എല്ലാ ബേക്കറികളിലും പഫ്‌സും കേക്കും ലഡുവും ഹല്‍വയും മറ്റ് ഉല്‍പ്പന്നങ്ങളും ലഭിക്കുമ്പോള്‍ ബേക്കറി രംഗത്ത് പുതുമകള്‍ കണ്ടെത്തി ഗിന്നസ് ബുക്ക്, വേള്‍ഡ് ലിംക ബുക്ക് അവാര്‍ഡ് അടക്കം നേടിയിട്ടുള്ള ഈ തലശ്ശേരിക്കാരന്‍ വ്യത്യസ്ത വിഭവങ്ങള്‍ കൊച്ചിന്‍ ബേക്കറിയിലൂടെ ജനങ്ങളിലേക്കെത്തിച്ചാണ് ശ്രദ്ധേയനാവുന്നത്. ഇത്തവണ മനുഷ്യ ശരീരത്തിന് അത്യന്താപേക്ഷിതമെന്ന് ആരോഗ്യ വിദഗ്ധര്‍ സമ്മതിക്കുന്ന ചക്കയില്‍ നിന്നാണ് പുതിയ ബേക്കറി വിഭവങ്ങള്‍ തയാറാക്കുന്നത്.

ഇന്‍ഡോ-അറബ് ഫ്രണ്ട്ഷിപ്പ് അവാര്‍ഡ് ലഭിച്ച എം.പി രമേഷിന് സുഹൃത്ത് സംഘം കെ.പി കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ മന്ത്രി മുഹമ്മദ് റിയാസ് സ്‌നേഹോപഹാരം സമ്മാനിക്കുന്നു. കവി പി.കെ ഗോപി, എം.എ ജോണ്‍സന്‍, ഡോ. പി.എന്‍ അജിത, കമാല്‍ വരദൂര്‍, മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.ബൈജുനാഥ്, ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, പ്രൊഫ.ശോഭീന്ദ്രന്‍, പി.കിഷന്‍ ചന്ദ്, എം.പി രജുല്‍കുമാര്‍, പി.പി മുകുന്ദന്‍, പി.ദിവാകരന്‍ എന്നിവര്‍ സമീപം

ചക്കയില്‍നിന്നും കേക്ക്, ലഡു, പൈ, ഹലുവ എന്നിവയും പച്ചക്കായയുടെ തോട് ഉപയോഗിച്ചുണ്ടാക്കുന്ന കായതോട് പൈ, പഫ്‌സ് ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ കൊച്ചിന്‍ ബേക്കറിയുടെ പുതിയ ഉല്‍പ്പന്നങ്ങളാണ്.അള്‍സറിന് അത്യുത്തമമാണ് കായതോടെങ്കില്‍, രോഗപ്രതിരോധത്തിന്റെ കലവറയാണ് ചക്ക. ഇത്തരം ബേക്കറി പദാര്‍ഥങ്ങള്‍ കഴിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന സ്വാദും ഗുണവും കൊച്ചിന്‍ ബേക്കറിയുടെ മാത്രം സവിശേഷതയാണ്. മാങ്ങപൈ, മാങ്ങ മൈസൂര്‍ പാക്ക്, മാങ്ങ അട, മാങ്ങ കേക്കും കൊച്ചിന്‍ ബേക്കറിയുടെ ഷെല്‍ഫുകളില്‍ സുലഭമാണ്. മറ്റൊരു പ്രധാന വിഭവമാണ് ചോക്ലേറ്റ് സമൂസ, അതിന്റെ പേര് ചോക്കോ സി മൂസ്സയെന്നാണ്. ഇക്കഴിഞ്ഞ ദിവസം കൊച്ചിന്‍ ബേക്കറിയുടെ കോഴിക്കോട് പുതിയറയിലുള്ള പ്രൊഡക്ഷന്‍ യൂണിറ്റ് സന്ദര്‍ശിച്ച വലിയ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രതിനിധികള്‍ ഈ വിഭവം മനസിലാക്കുകയും അവരുടെ ഒരു പരിപാടിക്ക് 3000ല്‍ അധികം ചോക്കോ സി മൂസ്സക്ക് ഓര്‍ഡര്‍ നല്‍കുകയുമുണ്ടായി.

 

ഇന്‍ഡോ-അറബ് ഫ്രണ്ട്ഷിപ്പ് പുരസ്‌കാരം കേന്ദ്ര സാമൂഹികനീതി വകുപ്പ് മന്ത്രി രാംദാസ് അത്തേവാലയില്‍നിന്ന് എം.പി രമേഷ് സ്വീകരിക്കുന്നു. പ്രശസ്ത ഗായകന്‍ സോനുനിഗം സമീപം

മറ്റൊരു ഉല്‍പ്പന്നമാണ് എരിവുള്ള ഹല്‍വ (ചില്ലി ഹല്‍വ). മുളക് ചേര്‍ത്തുണ്ടാക്കുന്ന ഈ ഹല്‍വ കഴിക്കുന്നവരുടെ നാവില്‍ രുചിയുടെ തിരമാലകള്‍ തീര്‍ക്കും. എല്ലാ ബേക്കറികളിലുമുള്ള സാധനങ്ങള്‍ വിറ്റാല്‍ പുതുമയൊന്നുമില്ലെന്നും എക്കാലവും ബേക്കറിയില്‍ പുതു പരീക്ഷണങ്ങള്‍ നടത്തല്‍ തന്റെ ആഗ്രഹമാണെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിന്‍ ബേക്കറിയിലെ ഉല്‍പ്പന്നങ്ങളില്‍ മനുഷ്യ ശരീരത്തിന് പ്രതികൂലമാകുന്ന ഒന്നും ചേര്‍ക്കാറില്ല. ഗീകേക്ക്കണ്ടുപിടിച്ചതിനുള്ള അംഗീകാരമായി ഇക്കഴിഞ്ഞ ജൂലൈയില്‍ ദുബായില്‍ വച്ച് കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയും ഗായകന്‍ സോനുനിഗവും ദുബായിലെ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങില്‍ വച്ച് രമേഷിനെ ആദരിക്കുകയുണ്ടായി.

എം.പി രമേഷിന്റെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചുകൊണ്ട് 2014 പ്രവാസി റിവ്യൂ എക്‌സലന്‍സ് അവാര്‍ഡ് അദ്ദേഹത്തിന് സമ്മാനിക്കുകയുണ്ടായി. കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായിരുന്ന അഡ്വ.പി.എം.എ സലാമാണ് അവാര്‍ഡ് നല്‍കിയത്. വ്യാപാരരംഗത്തിന് പുറമേ സാമൂഹിക-സാംസ്‌കാരിക-സഹകരണ രംഗത്തും സജീവസാന്നിധ്യമാണ് എം.പി രമേഷ്. ഇന്ത്യയിലാദ്യമായി പ്ലംകേക്ക് നിര്‍മിച്ചത് 1883ല്‍ തലശ്ശേരി മാമ്പള്ളി റോയല്‍ ബിസ്‌ക്കറ്റ് ഫാക്ടറിയിലാണ്.

കോഴിക്കോട് നഗരത്തില്‍ സി.എസ്.ഐ ബില്‍ഡിങ്ങിലും, ലിങ്ക് റോഡിലും നടക്കാവ് വണ്ടിപേട്ടയിലും ചേവായൂരിലും പുതിയറ എസ്.കെ പാര്‍ക്കിനടുത്തും കോഴിക്കോട് കിന്‍ഫ്ര(പ്രൊഡക്ഷന്‍ യൂണിറ്റ്)യിലും മംഗലാപുരം, കാസര്‍കോട് എന്നീ നഗരങ്ങളിലും കൊച്ചില്‍ ബേക്കറിക്ക് ഔട്ട്‌ലെറ്റുകളുണ്ട്. 2023ല്‍ മാമ്പള്ളി തറവാടും കൊച്ചിന്‍ ബേക്കറിയുടേയും നാമധേയത്തില്‍ ബേക്കറി രംഗത്ത് പുതിയൊരു ഉല്‍പ്പന്നം വിപണിയിലിറക്കുകയാണ് സ്വപ്‌നമെന്നദ്ദേഹം വ്യക്തമാക്കി. രുചിയുടെ നാടാണ് കോഴിക്കോട്. രുചിയുടെ നാട്ടിലെ രാജാവാരെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേയുള്ളൂ, പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കൊച്ചിന്‍ ബേക്കറിയുടെ സാരഥി എം.പി രമേഷ്.

Share

Leave a Reply

Your email address will not be published. Required fields are marked *