- സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയായി മാത്രമേ കസ്റ്റഡിയേ കാണാനാകൂ
തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന് കേസുമായി ബന്ധമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. ജിതിനെ ബോധപൂര്‍വം പ്രതിയാക്കാനാണ് ശ്രമമെന്നും കേസ് രാഷ്ട്രീയപ്രേരിതമെന്നും യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന-ജില്ലാ നേതാക്കള്‍ പറയുന്നത്.
എ.കെ.ജി സെന്റര്‍ ആക്രമണങ്ങളുമായി ജിതിന് ബന്ധമില്ല. ആക്രമണം നടത്തിയ ആളെത്തിയത് ഡിയോ വാഹനത്തിലാണ്. ജിതിന് ഡിയോ സ്‌കൂട്ടറില്ല. മറ്റ് ബന്ധങ്ങളുമില്ല. രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയിലുണ്ടായ ജനബാഹുല്യം കണ്ടും മനസിലാക്കിയുമുണ്ടായ അസ്വസ്ഥതയാണ് കസ്റ്റഡിയിലേക്ക് നയിച്ചതെന്നും ബല്‍റാം ആരോപിച്ചു.
സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയായി മാത്രമേ കസ്റ്റഡിയേ കാണാനാകൂവെന്നും അദ്ദേഹം പ്രതികരിച്ചു. ജിതിന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും അക്കാര്യം തള്ളിപ്പറയില്ലെന്നും വി.ടി ബല്‍റാം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് തവണ ജിതിനെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച ബല്‍റാം ഇപ്പോള്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ഇയാളെ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി.
തിരുവനന്തപുരം മണ്‍വിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് സ്ഫോടക വസ്തു എ.കെ.ജി സെന്ററിന് നേരെ എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ജിതിനെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ചോദ്യം ചെയ്ത് വരികയാണ്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍. ജൂലൈ 30നാണ് എ.കെ.ജി സെന്ററിന് നേരെ ബോംബാക്രമണമുണ്ടായത്. രാത്രി സ്‌കൂട്ടറിലെത്തിയ പ്രതി എ.കെ.ജി സെന്ററിന്റെ ഗേറ്റിലേക്ക് സ്ഫോടകവസ്തു വലിച്ചെറിയുകയായിരുന്നു.