കോഴിക്കോട്: വര്‍ഗീയതക്കും ഫാസിസത്തിനുമെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണെന്നും കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തോട് വിയോജിക്കാത്ത മുസ്ലിംലീഗ് നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് മുസ്ലിംലീഗ് മുന്‍ സംസ്ഥാന കമ്മിറ്റിയംഗവും ഖത്തര്‍ കെ.എം.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയുമായ സമദ് നരിപ്പറ്റ മുസ്ലിംലീഗില്‍ നിന്ന് രാജിവച്ച് ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ (ഐ.എന്‍.എല്‍) ചേരുകയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുസ്ലിംലീഗിന്റെ സംഘടനാ സംവിധാനം ദുര്‍ബലമായിരിക്കുകയാണ്. ഉള്‍പാര്‍ട്ടി ജനാധിപത്യം ശിഥിലമായി. ഗ്രൂപ്പിസം മൂസ്ലിംലീഗിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വടകര, നാദാപുരം, കുറ്റ്യാടി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ നൂറുകണക്കിന് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ രണ്ടാംവാരം വടകര ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി അബ്ദുല്‍ വഹാബ്, സംസ്ഥാന സെക്രട്ടറി നാസര്‍കോയ തങ്ങള്‍, ഓര്‍ഗനൈസിങ് സെക്രട്ടറി എം.കെ അബ്ദുല്‍ അസീസ്, ജില്ലാ പ്രസിഡന്റ് ഷര്‍മദ്ഖാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.