മയ്യഴി: കേരള നദീസംരക്ഷണ സമിതിയും മയ്യഴിപ്പുഴ സംരക്ഷണ സമിതിയും ചേര്‍ന്ന് 21 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ നടത്തുന്ന സംസ്ഥാനതല നദീ ദ്വൈ-വാരാചരണ പരിപാടികള്‍ക്ക് തുടക്കമായി. കാട് പിടിച്ച് വൃത്തിഹീനമായിക്കിടന്നിരുന്ന മാഹി പുഴയോര നടപ്പാതയും പരിസരവും ശുചീകരിച്ചാണ് വാരാചരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്. മാഹി ജവഹര്‍ലാല്‍ നെഹ്റു ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികളാണ് ശുചീകരണം നടത്തിയത്. നെഹ്റു യുവ കേന്ദ്ര മാഹിയും, ജാന്‍സി റാണി മഹിളാ സമാജവും ആശ്രയ വിമന്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും സഹകരിച്ചു. 50 എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെ നിരവധി സാമൂഹിക-പരിസ്ഥിതി പ്രവര്‍ത്തകര്‍ ശുചീകരണത്തില്‍ പങ്കാളികളായി. നടപ്പാതയിലെ പുല്ലുകളും കാടുകളും വെട്ടിത്തെളിച്ചു. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ചു നല്‍കി.