കോഴിക്കോട്: മദ്യവ്യാപനത്തിനും ഉപയോഗത്തിനും പ്രോത്സാഹനം നല്‍കുന്നതില്‍ ഏറെയും വിദ്യാഭ്യാസമുള്ളവരാണ് മുന്നിലെന്ന് മദ്യ നിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എ ജോസഫ്. കേരള മദ്യ നിരോധന സമിതി ജില്ല പ്രവര്‍ത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യം വില്‍ക്കുന്ന സര്‍ക്കാര്‍ ലഹരി വിരുദ്ധ കേരളത്തിന് വേണ്ടി ഒന്നിക്കാന്‍ പറയുന്നത് പരിഹാസം മാത്രം. മദ്യം കൊണ്ട് സമൂഹത്തിന് ഒരു ഉപയോഗവുമില്ലന്ന് എല്ലാവര്‍ക്കുമറിയാം, ചിലര്‍ അമിതമാകരുത് , അടിമയാകരുത് എന്ന് പറയുന്നതും മദ്യ ഉപയോഗം വര്‍ധിപ്പിക്കാനേ ഉപകരിക്കൂ. മദ്യവും മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ നിന്നും മോചനത്തിനായി ലോകത്തില്‍ ഒരു മരുന്ന് കണ്ട് പിടിച്ചിട്ടില്ല. മദ്യലഭ്യത കുറച്ചു കൊണ്ടുവരിക മാത്രമേ ഇതിന് പരിഹാരമുള്ളൂ.
ഇതിനായുള്ള പരിശ്രമം മദ്യ നിരോധന സമിതി തുടരുമെന്ന് ഇ.എ ജോസഫ് പറഞ്ഞു. ജില്ല പ്രസിഡന്റ് വി.പി ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം അലവിക്കുട്ടി ബാക്കവിയും ശ്രീനാരായണ ഗുരു അനുസ്മരണം സംസ്ഥാന വനിതാ പ്രസിഡന്റ് പ്രൊഫ. ഒ.ജെ ചിന്നമ്മയും നിര്‍വഹിച്ചു. സ്വാതന്ത്ര്യസമര സേനാനി പി.വാസു, സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ.ടി.എം രവീന്ദ്രന്‍, സംസ്ഥാന സെക്രട്ടറി ജോയ് അയിരൂര്‍, സംസ്ഥാന സമിതി അംഗങ്ങളായ രാജീവന്‍ ചൈത്രം, അബു അന്നശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പൊയിലില്‍ കൃഷ്ണന്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ ടി.കെ.എ അസീസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ക്യാമ്പ് നടത്തി. സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരേ ഒക്ടോബര്‍ രണ്ടിന് സെക്രട്ടറിയേറ്റിന് മുന്‍പില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എ ജോസഫ് 50 മണിക്കൂര്‍ ഉപവാസ സമരം നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് പ്രൊഫ ടി.എം രവീന്ദ്രന്‍ അറിയിച്ചു.