കോഴിക്കോട്: തെറ്റായ ഭക്ഷണരീതികളും വ്യായാമകുറവും ജീവിതശൈലികളിലുണ്ടായ മാറ്റങ്ങളും മലയാളികളെ രോഗികളാക്കി മാറ്റുകയാണെന്ന് കെ.കെ ശൈലജ ടീച്ചര്‍ എം.എല്‍.എഎം.എല്‍.എ പറഞ്ഞു. പ്രമേഹം ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ജീവിതശൈലിയിലൂടേയും ഭക്ഷണ ക്രമീകരണത്തിലൂടേയും ഒരു പരിധിവരെ രോഗങ്ങളെ ചെറുക്കാന്‍ സാധിക്കുമെന്നവര്‍ പറഞ്ഞു. ഡോ.മെഹറൂഫ് രാജ് രചിച്ച ‘കാണാതെ വയ്യ, പറയാതെയും’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. മുന്‍ തലമുറ നല്ല സമൂഹം കെട്ടിപ്പടുക്കാന്‍ നടത്തിയ ഇടപ്പെടലുകളാണ് കേരളത്തിന്റെ മെച്ചപ്പെട്ട ജീവിത സാഹചര്യത്തിന്റെ അടിത്തറ. അത് കൂടുതല്‍ മെച്ചപ്പെടുത്തിയെടുക്കാന്‍ സാധിക്കണം. അല്ലെങ്കില്‍ നാം പിറകിലേക്ക് തന്നെ പോകും.
ആധുനിക സൗകര്യങ്ങള്‍ പണം സമ്പാദിക്കാന്‍ ചിലര്‍ക്ക് സാഹചര്യമൊരുക്കുമ്പോള്‍ ഉള്ളവനും ഇല്ലാത്തവനുമുള്ള വേര്‍തിരിവ് വര്‍ധിക്കും. ഇത് സാമൂഹികാരോഗ്യത്തെ ബാധിക്കും. മനസ്സും ആരോഗ്യവും സുസ്ഥിരമാകാന്‍ സാമൂഹികാരോഗ്യം മെച്ചപ്പെടണം. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്ല്യത ഭരണകര്‍ത്താക്കള്‍ ഉണ്ടാക്കിയെടുക്കണം. രാജ്യത്ത് ദാരിദ്ര്യം വര്‍ധിക്കുകയാണ്. ഫെഡറല്‍ സംവിധാനത്തില്‍ കേരളത്തിന് മാത്രം വേറിട്ട് നിലനില്‍ക്കാനാവില്ല. അമേരിക്കയിലെ ആയൂര്‍ദൈര്‍ഘ്യം 77 വയസ്സാണെങ്കില്‍ കേരളത്തില്‍ 76 ആണ്. ഈ നേട്ടം നിലനിര്‍ത്താനാവണം. ആരോഗ്യപരമായ ചിന്ത, കൂട്ടായപ്രവര്‍ത്തനം, പരസ്പര സ്‌നേഹം, മതേതര മനസ്സ് എന്നിവയിലാണ് സമൂഹത്തിന്റെ ആരോഗ്യം കുടികൊള്ളുന്നതെന്നവര്‍ കൂട്ടിച്ചേര്‍ത്തു.
പുസ്തകം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങി. ചടങ്ങില്‍ ലേക്‌ഷോര്‍ എം.ഡി അഡ്വ.എസ്.കെ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഐ.എം.എ സെക്രട്ടറി ഡോ.എം മുരളീധരന്‍ പുസ്തക പരിചയം നടത്തി. ഡോ.ഖദീജ മുംതസ്സ്, ജമാല്‍ കൊച്ചങ്ങാടി, ഡോ.കെ.വി മുകുന്ദന്‍, സി.മുഹസിന്‍ ആശംസകള്‍ നേര്‍ന്നു. ഡോ.മെഹറൂഫ് രാജ് പ്രതിസ്പന്ദം നടത്തി. രമേഷ് പുല്ലാട്ട് സ്വാഗതവും എം.കെ ജയകുമാര്‍ നന്ദിയും പറഞ്ഞു. ഒലിവ് പബ്ലിക്കേഷന്‍സാണ് പുസ്തക പ്രസാധകര്‍.