പാലക്കാട്: പറമ്പിക്കുളം ഡാമിന്റെ ഷട്ടറുകളില്‍ ഒന്നില്‍ തകരാര്‍ സംഭവിച്ചതോടെ ചാലക്കുടിപ്പുഴയില്‍ ശക്തമായ ഒഴുക്ക്. ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനാണ് ഷട്ടറില്‍ നിന്ന് വലിയ ശബ്ദം കേട്ടതായി അറിയിച്ചത്. പരിശോധിച്ചപ്പോള്‍ പുഴയിലേക്ക് വെള്ളം കുത്തിയൊലിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു.
പറമ്പിക്കുളം ഡാമിന്റെ ഷട്ടറിന് തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു. ആറ് ഷട്ടറുകളാണ് തുറന്നത്. 600 ക്യൂമെക്സ് വെള്ളമാണ് ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിടുന്നത്. പുഴയിലെ ജലനിരപ്പ് 4.5 മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. 8.1 മീറ്റര്‍ ആണ് അപകടനില. സെക്കന്‍ഡില്‍ ഇരുപതിനായിരം ഘനയടി വെള്ളം പെരിങ്ങല്‍കുത്തിലേക്ക് ഒഴുകി എത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ ആറ് ഷട്ടറുകളും തുറന്നു. അതിരപ്പിള്ളിയിലും ജലനിരപ്പ് ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ചാലക്കുടിപ്പുഴയോരത്ത് ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
ചാലക്കുടി പുഴയില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്. വെള്ളത്തിന്റെ ഒഴുക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നിരീക്ഷിച്ചു വരികയാണ്. പറമ്പിക്കുളം ഡാമിന്റെ മൂന്ന് ഷട്ടറുകളില്‍ ഒരെണ്ണത്തിനാണ് തകരാര്‍.
തമിഴ്‌നാടിന്റെ ഉടമസ്ഥതയിലുള്ളതാണ് പറമ്പിക്കുളം ഡാം. സെക്യൂരിറ്റി ജീവനക്കാരാണ് ഷട്ടര്‍ തനിയെ തുറന്നത് ആദ്യം കണ്ടത്. തമിഴ്നാട് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. മുതലമടയിലാണ് ഡാം സ്ഥിതി ചെയ്യുന്നതെങ്കിലും ഡാമിന്റെ പ്രവര്‍ത്തനവും നിയന്ത്രണവും തമിഴ്‌നാടിനാണ്. ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഒരു മാസം മുന്‍പ് മൂന്ന് ഷട്ടറുകളും 10 സെ.മീറ്റര്‍ തുറന്നിരുന്നു. 1825 അടിയാണ് ഡാമിന്റെ സംഭരണശേഷി.