ചരിത്ര വഴിയിലൂടെ നടത്തം; പൈതൃകത്തെ തിരിച്ചറിയുമ്പോള്‍ വ്യക്തിത്വത്തിന് മാറ്റ് കൂടുമെന്ന് മേയര്‍ ഡോ. ബീനാ ഫിലിപ്

ചരിത്ര വഴിയിലൂടെ നടത്തം; പൈതൃകത്തെ തിരിച്ചറിയുമ്പോള്‍ വ്യക്തിത്വത്തിന് മാറ്റ് കൂടുമെന്ന് മേയര്‍ ഡോ. ബീനാ ഫിലിപ്

കോഴിക്കോട്: പുസ്തകങ്ങളില്‍ നിന്ന് വായിച്ചു പഠിച്ച അറിവിനേക്കാള്‍ മഹത്തരമാണ് ചരിത്രശേഷിപ്പുകള്‍ നേരിട്ടനുഭവിക്കുന്നത് എന്ന തിരച്ചറിവോടെയായിരുന്നു അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന കളരിയായ ‘ആസ്പയര്‍’ വിദ്യാര്‍ഥികളുടെ പൈതൃക നടത്തം. റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബര്‍ സിറ്റിയുടെ സഹകരണത്തോടെ നടത്തിയ പരിപാടി മേയര്‍ ഡോ.ബീനാ ഫിലിപ് ഉദ്ഘാടനം ചെയ്തു.

പൈതൃകത്തെ തിരിച്ചറിയുമ്പോള്‍ വ്യക്തിത്വത്തിന് മാറ്റ് കൂടുമെന്ന് മേയര്‍ അഭിപ്രായപ്പെട്ടു. സത്യ സന്ധതയോടെ എഴുതിവച്ച ചരിത്രം പലപ്പോഴും വെളിച്ചം കണ്ടിട്ടില്ല. എങ്കിലും അവസാനമില്ലാത്ത ചരിത്രവും ചരിത്രശേഷിപ്പുകളും പുതിയ തലമുറക്ക് എക്കാലവും പ്രചോദനമാകുമെന്നും മേയര്‍ പറഞ്ഞു. ഗൈഡ് ഡോ. അജ്മല്‍ മുഈന്‍ നേതൃത്വം നല്‍കി. കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന ചടങ്ങില്‍ റോട്ടറി ക്ലബ് കാലിക്കറ്റ് സൈബര്‍ സിറ്റി പ്രസിഡന്റ് ജലീല്‍ എടത്തില്‍ അധ്യക്ഷത വഹിച്ചു. റോട്ടറി 3204 അസിസ്റ്റന്റ് ഗവര്‍ണര്‍ എം. എം ഷാജി, ഐ.പി.പി സന്നാഫ് പാലക്കണ്ടി, ഡോ. ഉണ്ണി ഒളകര, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ടി മുനീബ് റഹ്മാന്‍, ആസ്പയര്‍ സിവില്‍ സര്‍വിസ് ഫൗണ്ടേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നിസാര്‍ കടൂരന്‍ , പൂര്‍വ വിദ്യാര്‍ഥി പ്രതിനിധി എന്‍.വി യാസിര്‍, കെ.ജെ തോമസ്, അയൂബ് യൂസഫ് എന്നിവര്‍ സംസാരിച്ചു.

മിഠായിത്തെരുവിലൂടെ നടന്ന് തുടങ്ങിയ യാത്ര പാഴ്‌സി ക്ഷേത്രം, ഹനുമാന്‍ കോവില്‍ , ജൈന ക്ഷേത്രം, മുച്ചുന്തി പള്ളി, ഷിയാ മസ്ജിദ്, ജിഫ്രി ഹൗസ്, ഗുജറാത്തി സ്ട്രീറ്റ് എന്നിവ സന്ദര്‍ശിച്ചു. ഇതിനിടയില്‍ സ്വാതന്ത്ര്യ സമര സേനാനി അബ്ദുറഹിമാന്‍ റോഡും റെയില്‍വേ സ്റ്റേഷനും സംഗമിക്കുന്നിടത്ത് വിശ്രമം. 100 വര്‍ഷം പഴക്കമുള്ള ശങ്കരന്‍ ബേക്കറിയിലെത്തി കോഴിക്കോടന്‍ ഹലുവ കഴിച്ച് നടത്തം തുടര്‍ന്നു. കുറ്റിച്ചിറ, മിഷ്‌ക്കാല്‍ പള്ളിയും തളി ക്ഷേത്രവും കണ്ട് സാമൂതിരിരാജ കാലഘട്ടത്തിലെ കഥകള്‍ കേട്ടും മാനാഞ്ചിറയും മുതലക്കുളവും ആസ്വദിച്ച് കാപ്പാട് കടല്‍ത്തീരത്ത് ചെന്നിറങ്ങി. അവിടെ നിന്നും ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിലും തുടര്‍ന്ന് കുഞ്ഞാലി മരയ്ക്കാര്‍ സ്മാരകവും കണ്ടായിരുന്നു 44 വിദ്യാര്‍ഥികളടങ്ങുന്ന സംഘത്തിന്റെ മടക്കം.

 

Share

Leave a Reply

Your email address will not be published. Required fields are marked *