തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ്ഖാന്‍ മുഹമ്മദിനെതിരേ രൂക്ഷവിമര്‍ശനങ്ങളുമായി സി.പി.എം-സി.പി.ഐ മുഖപത്രങ്ങളായ ദേശാഭിമാനിയും ജനയുഗവും. തന്റെ നിലപാടുകള്‍ വിറ്റയാളും പദവിക്കും പേരിനും പിന്നാലെ പോയ വ്യക്തിയാണ് ഗവര്‍ണര്‍ എന്ന് ദേശാഭിമാനി പറയുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജയിന്‍ ഹവാലയിലെ മുഖ്യപ്രതി ആണ്. ജയിന്‍ ഹവാല കേസില്‍ കൂടുതല്‍ പണം പറ്റിയ രാഷ്ട്രീയ നേതാവാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഈ വ്യക്തിയാണ് അഴിമതി ഇല്ലാത്ത ഇടതുപക്ഷത്തിനെതിരേ രംഗത്തെത്തുന്നത്. ബി.ജെ.പിയുടെ കൂലിപ്പടയാളിയായി ഗവര്‍ണര്‍ അസംബന്ധ നാടകം കളിക്കുകയാണ്. വിലപേശി കിട്ടിയ സ്ഥാനങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മതിമറന്നാടുന്നുവെന്നും ദേശാഭിമാനിയിലെ മുഖ പ്രസംഗവും ലേഖനവും പറയുന്നു.
ഗവര്‍ണര്‍ മാനസിക നില തെറ്റിയപോലെ പെരുമാറുന്നു എന്നാണ് സി.പി.ഐ മുഖപത്രമായ ജനയുഗത്തിന്റെ വിമര്‍ശനം. അദ്ദേഹത്തിന്റെ ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിനായി രാജ്ഭവനെ ഉപയോഗിക്കുകയാണ്. സര്‍ക്കാരിനെതിരേ ഗവര്‍ണര്‍ ധൂര്‍ത്ത് ആരോപിക്കുന്നു. ഗവര്‍ണറുെട ചെലവ് എന്തെന്ന് വെബ്സൈറ്റ് പറയും. ഓരോ മാസവും ഗവര്‍ണര്‍ സംവിധാനത്തിനായി കോടികള്‍ ചെലവാക്കുകയാണെന്നും ജനയുഗം കുറ്റപ്പെടുത്തി.