കോഴിക്കോട്: അര മണിക്കൂറോളം ലിഫ്റ്റില്‍ കുടുങ്ങിയ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനെ ഫയര്‍ ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. പാളയം കല്ലായ് റോഡ് യമുന ആര്‍ക്കേഡില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. ഗ്രൗണ്ട് ഫ്‌ളോറിലെ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരന്‍ എ.പ്രജീഷാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. മുകള്‍ നിലയിലെ ബാത്ത് റൂമിലേക്ക് പോകുന്നതിനിടെയാണ് സംഭവം. കറണ്ട് പോയതാണെന്ന് കരുതി, ലിഫ്റ്റ് പകുതിയിലെത്തി നിശ്ചലമായി. കുറച്ച് നേരം ശബ്ദം ഉണ്ടാക്കിയെങ്കിലും ആരും അടുത്തുണ്ടായിരുന്നില്ല. തുടര്‍ന്ന് അത് വഴി ലിഫ്റ്റ് കയറാനെത്തിയവര്‍ ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ബീച്ച് ഫയര്‍ ആന്റ് റസ്‌ക്യൂ സംഘംമെത്തി 10 മിനിട്ടിനകം പ്രജീഷിനെ രക്ഷപ്പെടുത്തുകയായിരുന്നു. കസബ പോലിസ് സംഭവസ്ഥലത്തെത്തിയിരുന്നു. പഴയ മോഡല്‍ ലിഫ്റ്റായതിനാല്‍ ഇവിടുത്തെ ലിഫ്റ്റ് എഞ്ചിന്‍ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലന്ന് കടക്കാര്‍ പറയുന്നു.