നാദാപുരം: അമിതമായി വാതകം പുറത്തുവിട്ട കാര്‍വാഷ് കേന്ദ്രം പഞ്ചായത്ത് അടച്ചുപൂട്ടി. കല്ലാച്ചിയില്‍ പ്രവര്‍ത്തിക്കുന്ന താജ് കാര്‍ വാഷ് എന്ന സ്ഥാപനമാണ് പഞ്ചായത്ത് അടച്ചുപൂട്ടിയത്. കാര്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവ കഴുകാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ അമിതമായി അടങ്ങിയ വാതകം ശ്വസിച്ച് തൊട്ടടുത്ത സ്ഥാപനത്തില്‍ വന്ന വ്യക്തിക്ക് ശ്വാസതടസം അനുഭവപ്പെടുകയും ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥാപനം പരിശോധിച്ച് ഇരുചക്രവാഹനം കഴുകുന്ന സ്ഥലത്ത് നിന്ന് അമിതമായി രാസവസ്തുക്കള്‍ അടങ്ങിയ പൊടിപടലങ്ങള്‍ പുറത്തേക്ക് പോകുന്ന സാഹചര്യം ഉള്ളതായും കണ്ടെത്തി.
കഴുകാന്‍ ഉപയോഗിക്കുന്ന മിശ്രിതത്തിന്റെ ആരോഗ്യദായകത്വം പരിശോധിക്കുന്നതിന് സാമ്പിള്‍ ശേഖരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറിയില്‍ കൊണ്ട് പോയി പരിശോധന നടത്തിയതിനുശേഷം മാത്രമേ സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാവു എന്ന് നിര്‍ദേശിക്കുകയും നോട്ടീസ് നല്‍കി സ്ഥാപനം അടപ്പിക്കുകയും ചെയ്തു. പരിശോധനയില്‍ പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ഹമീദ് , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു, സീനിയര്‍ ക്ലര്‍ക്ക് വി.എന്‍.കെ സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.