തലശ്ശേരി: ചെള്ള് പനി (സ്‌ക്രബ്ബ് ടൈഫസ് ) റിപ്പോര്‍ട്ട് ചെയ്ത കോടിയേരി പ്രാഥമികാരോഗ്യ പരിധിയില്‍ ജാഗ്രതാ നിര്‍ദേശവും പ്രതിരോധ പ്രവര്‍ത്തനവും ഊര്‍ജിതമാക്കി. കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസ്, ജില്ലാ രോഗ പര്യവേഷണ വിഭാഗം എന്നിവയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തലശ്ശേരി നഗരസഭ, ഡി.വി.സി യൂണിറ്റിന്റെ തലശ്ശേരി ശാഖ എന്നിവയെ ഏകോപിപ്പിച്ചു കൊണ്ട് കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗം വിപുലമായ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ സിന്ധുവിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പനി സര്‍വേ നടത്തുകയും രോഗ സാധ്യതയുള്ള പത്ത് പേര്‍ക്ക് പി.എച്ച്.സിയിലെ ഡോക്ടര്‍ മമത മനോഹര്‍, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ടെനിസന്‍ തോമസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ബിന്ധ്യ എന്നിവര്‍ ഡോക്‌സി സൈക്ലിന്‍ പ്രതിരോധ ഗുളികള്‍ നല്‍കുകയും ചെയ്തു.
\പനി സര്‍വേയില്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് എം. നൗഫിമോള്‍, ആശാപ്രവര്‍ത്തകരായ ടി.രേഷ്മ, കെ.ടി ഗീത എന്നിവര്‍ പങ്കാളികളായി. ജനങ്ങളുടെ ആശങ്കകളും സംശയങ്ങളും ദൂരീകരികരിക്കുന്നതിനായി തൊട്ടടുത്ത അങ്കണവാടിയില്‍ വച്ച് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് ഡോ. മംമ്ത മനോഹര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടെനിസന്‍ തോമസ് എന്നിവര്‍ നടത്തി. അങ്കണവാടി വര്‍ക്കര്‍ ജീജ.കെ സ്വാഗതം ആശംസിച്ചു. കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസില്‍ നിന്നും ടെക്‌നിക്കല്‍ അസിസ്റ്റന്റ് ശ്രശിധരന്‍ സി.ജി , ബയോളജിസ്റ്റ് ചാക്കോ സി.ജെ , എപിഡമോളജിസ്റ്റ് അഭിഷേക്.ജി.എസ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഡി.വിസി യൂണിറ്റ് തലശ്ശേരിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വത്സതിലകന്റെ നേതൃത്വത്തില്‍ ഇന്‍ സെകട് കളക്ടര്‍മാര്‍ പ്രദേശത്ത് കീട പഠനം നടത്തുകയും ചെള്ളുപനിക്കു കാരണമാകുന്ന ലെപ്‌ടോ ത്രോംബീഡിയം ഏലിയന്‍സ് എന്നറിയപ്പെടുന്ന ചിഗ്ഗേര്‍സിന്റെ സാന്നിദ്ധ്യം പ്രദേശത്ത് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് രോഗകാരികളായ ചിഗ്ഗറുകളെ നശിപ്പിക്കുന്നതിനായി പ്രദേശത്ത് കീടനാശിനി തളിച്ചു. സാധാരണയായി ചിഗ്ഗറുകളെ കണ്ടു വരുന്ന കുറ്റി ചെടികള്‍ വെട്ടി വൃത്തിയാക്കി. പ്രദേശം ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണുള്ളത്. ചെള്ളുപനി ബാധിച്ച രോഗി ആശുപത്രിയില്‍ സുഖംപ്രാപിച്ചു വരികയാണ്.