തിരുവനന്തപുരം: അച്ഛനും മകള്‍ക്കും കാട്ടാക്കടയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മര്‍ദ്ദനം. അമച്ചല്‍ സ്വദേശി പ്രേമനാണ് മകളുടെ മുന്‍പില്‍ വച്ച് മര്‍ദ്ദനമേറ്റത്. പരുക്കേറ്റ പ്രേമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകളുടെ യാത്രാ സൗജന്യത്തെ കുറിച്ചുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.
വിദ്യാര്‍ഥിനിയായ മകളുടെ കണ്‍സഷന്‍ ടിക്കറ്റ് പുതുക്കാനായിട്ടാണ് കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ പ്രേമനും മകളുമെത്തിയത്. കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാല്‍ മാത്രമേ കണ്‍സഷന്‍ ടിക്കറ്റ് പുതുക്കി നല്‍കൂ എന്ന് ജീവനക്കാര്‍ ഓഫീസില്‍ നിന്നും പ്രേമനോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും വാക്കേറ്റമുണ്ടായി. ഇതിനിടെ ‘ വെറുതെയല്ല കെ.എസ്.ആര്‍.ടി.സി രക്ഷപ്പെടാത്തതെന്ന് ‘ പ്രേമന്‍ പറഞ്ഞു. ഇതു കേട്ട ജീവനക്കാര്‍ പ്രകോപിതരാവുകയും കാര്യങ്ങള്‍ കൈയേറ്റത്തിലേക്ക് എത്തുകയും ചെയ്തു. മൂന്നു പേര്‍ ചേര്‍ന്നാണ് പ്രേമനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മകള്‍ക്കും പരുക്കേറ്റത്.
സംഭവത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു കെ.എസ്.ആര്‍.ടി.സി എം.ഡിയോട് അടിയന്തര റിപ്പോര്‍ട്ട് തേടി. മുഴുവന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കും അവമതിപ്പുണ്ടാക്കുന്ന അതിക്രമമാണ് ഉണ്ടായതെന്നും ആന്റണി രാജു പറഞ്ഞു.