കോഴിക്കോട്: ആധുനിക കാലഘട്ടത്തില്‍ അറിവിനെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കണമെന്നും അറിവിന്റെ വ്യാപനം ഉറപ്പുവരുത്തത്തണമെന്നും എക്‌സൈസ്-തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കോഴിക്കോട് മേഖലാതല വിജ്ഞാനോത്സവം കെ.പി കേശവമേനോന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജനാധിപത്യത്തിന്റെയും വിമോചനത്തിന്റെയും ഇരുതലമൂര്‍ച്ചയുള്ള ഉപകരണമാണ് അറിവ്. അറിവ് ജീവിതത്തെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെന്നും സ്വതന്ത്രവും വിമര്‍ശനാത്മകവുമായ ചിന്തകളിലേക്ക് നയിക്കുമ്പോഴാണ് അറിവ് സാധ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു.
സര്‍വ വിജ്ഞാന ഇന്‍സ്റ്റിറ്റ്യൂട്ട് ഭാഷയ്ക്ക് നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. ലോക വിജ്ഞാനത്തെ സമഗ്രമായി സമാഹരിച്ച് ഭാഷയെ സമ്പുഷ്ടമാക്കുന്നതില്‍ വളരെ വലിയ പങ്കാണ് കേരള സര്‍വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിജ്ഞാനത്തിന്റെ ഒരു ഉല്‍പ്പന്നമാണ് നമ്മളെന്നും ജീവിച്ചിരിക്കുന്നതുതന്നെ വിജ്ഞാനകോശങ്ങളിലാണെന്നും മുഖ്യപ്രഭാഷണം നടത്തിയ സാഹിത്യകാരന്‍ എം.മുകുന്ദന്‍ പറഞ്ഞു.
കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വജ്രജൂബിലിയുടെ ഭാഗമായി വിജ്ഞാനോത്സവം എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വൈജ്ഞാനിക ആഘോഷപരിപാടികളാണ് സംഘടിപ്പിക്കുന്നത്. സംസ്ഥാനതല വിജ്ഞാനോത്സവത്തിന് പുറമേ പതിനാല് ജില്ലകളെ നാല് മേഖലകളായി തിരിച്ച് മേഖലാതല വിജ്ഞാനോത്സവങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നീ ജില്ലകളെ ഉള്‍പ്പെടുത്തിയുള്ള കോഴിക്കോട് മേഖലാതല വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത് .
തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ ഡോ.ബീനാ ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയരക്ടര്‍ ഡോ.മ്യൂസ് മേരി ജോര്‍ജ്, ശാസ്ത്ര സാഹിത്യകാരന്‍ പ്രൊഫ.കെ.പാപ്പൂട്ടി, മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍ ഡോ.ഹുസൈന്‍ രണ്ടത്താണി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. അബ്ദുള്‍ ഹക്കീം എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട് മേഖലാതല വിജ്ഞാനോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം എഴുത്തുകാരി കവിത ബാലകൃഷ്ണന്‍ കോഴിക്കോട് ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിര്‍വഹിച്ചു. വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട് ‘ജെന്‍ഡര്‍ വിമര്‍ശനത്തിന്റെ സൈബോര്‍ഗ് വഴികള്‍ കലാചരിത്രത്തില്‍’ എന്ന വിഷയത്തില്‍ ഡോ.കവിത ബാലകൃഷ്ണനും ‘ശാസ്ത്രത്തില്‍ നിന്നും ഭാവനയിലേക്കും നൈതികതയിലേക്കുമുള്ള ദൂരം’ എന്ന വിഷയത്തില്‍ ജീവന്‍ ജോബ് തോമസും ‘ശാസ്ത്ര ബോധവും കേരളീയ നവോത്ഥാനവും’ എന്ന വിഷയത്തില്‍ ഡോ. കെ.എം. അനിലും പ്രഭാഷണങ്ങള്‍ നടത്തി. വിദ്യാര്‍ഥികളും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.