തിരുവനന്തപുരം: കണ്ണൂര്‍ വി.സി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടുവെന്ന് ഗവര്‍ണര്‍ ആരിഫ് ഖാന്‍ മുഹമ്മദ് രാജ്ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ഇടപ്പെട്ടതിന്റെ കത്തുകളും ഗവര്‍ണര്‍ പുറത്തുവിട്ടു.
കണ്ണൂര്‍ വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ടെന്നും സമ്മര്‍ദ്ദം ചെലുത്തിയെന്നും ഗവര്‍ണര്‍ പറഞ്ഞു. വി.സി പുനര്‍നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തുകള്‍ ഗവര്‍ണര്‍ പുറത്തുവിട്ടു. രാജ്ഭവനില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തത്.
2021 ഡിസംബര്‍ എട്ടിനാണ് ആദ്യ കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് ആയച്ചത്. വി.സി നിയമനത്തില്‍ വെയിറ്റേജ് നല്‍കാമെന്ന് താന്‍ പറഞ്ഞു. എ.ജിയുടെ നിയമോപദേശം ആവശ്യപ്പെടാതെയാണ് നല്‍കിയത്. സമ്മര്‍ദ്ദമുണ്ടായതോടെ ചാന്‍സലര്‍ സ്ഥാനത്ത് തുടരില്ലെന്ന് ചൂണ്ടിക്കാട്ടി താന്‍ കത്ത് നല്‍കി. എന്നാല്‍, ചാന്‍സലര്‍ പദവിയില്‍ തുടരണമെന്ന് ഡിസംബര്‍ 16ന് അയച്ച മറുപടി കത്തില്‍ അഭ്യര്‍ത്ഥിച്ചു.
ഉന്നത ഉദ്യോഗസ്ഥന്‍ രാജ്ഭവനിലെത്തി സര്‍വകലാശാ ഭരണത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി കൊണ്ടുള്ള സര്‍ക്കാരിന്റെ കത്ത് ജനുവരി 13ന് ലഭിച്ചു. പിന്നീട് വി.സി നിയമന രീതി മാറ്റാന്‍ നിയമഭേദഗതി സര്‍ക്കാര്‍ കൊണ്ടുവന്നു. തുടര്‍ന്ന് അഞ്ചംഗ സമിതിക്ക് രൂപം നല്‍കുകയായിരുന്നുവെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.