എലിസബത്ത് രാജ്ഞിക്ക് ഇന്ന് ലോകം വിട നല്‍കും; സംസ്‌കാരം രാത്രിയോടെ

എലിസബത്ത് രാജ്ഞിക്ക് ഇന്ന് ലോകം വിട നല്‍കും; സംസ്‌കാരം രാത്രിയോടെ

ലണ്ടന്‍: എലിസബത്ത് രാജ്ഞിക്ക് ഇന്ന് ലോകം വിട നല്‍കും. ലണ്ടന്‍ നഗര ഹൃദയത്തിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ ഇന്ന് 6.30 വരെയാണ് പൊതുജനങ്ങള്‍ പ്രവേശനം. ദിവസങ്ങളായി നടന്നുവരുന്ന പൊതുദര്‍ശനം രാവിലെ 11.00 ന് അവസാനിക്കും. തുടര്‍ന്ന്
ആചാരപരമായ വിലാപ യാത്രയായി മൃതദേഹം വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ നിന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ അബ്ബെയിലേക്ക്
കൊണ്ടുവരും. ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന് അരികെ കിങ് ജോര്‍ജ് ആറാമന്‍ മെമ്മോറിയല്‍ ചാപ്പലിലാണ് രാജ്ഞിയുടെ അന്ത്യവിശ്രമം. ഏകദേശം 10 ലക്ഷം പേരെങ്കിലും സംസ്‌കാരച്ചടങ്ങിന് എത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

1953 ല്‍ രാജ്ഞിയുടെ കിരീടധാരണം നടന്ന അതേ ദേവാലയമാണ് വെസ്റ്റ്മിന്‍സ്റ്റര്‍ അബ്ബെ. രാഷ്ട്രത്തലവന്മാരും യൂറോപ്പിലെ വിവിധ രാജകുടുംബാംഗങ്ങളും അടക്കം രണ്ടായിരത്തോളം വിശിഷ്ട വ്യക്തികള്‍ ഇവിടെ രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കും. രാത്രി പന്ത്രണ്ടു മണിക്ക് രാജകുടുംബാംഗങ്ങള്‍ മാത്രമുള്ള ചടങ്ങില്‍ മൃതദേഹം സെന്റ് ജോര്‍ജ് ചാപ്പലില്‍ സംസ്‌കരിക്കും. സെപ്റ്റംബര്‍ എട്ടിനാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്.

എലിസബത്ത് രാജ്ഞിക്ക് യാത്രാമൊഴി നല്‍കാന്‍ വിവിധ രാജ്യങ്ങളിലെ നേതാക്കള്‍ ഇതിനകം ബക്കിങ്ഹാം കൊട്ടാരത്തില്‍ എത്തിയിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപദി മുര്‍മു, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കന്മാര്‍ തുടങ്ങി നൂറിലേറെ പേരാണ് ലണ്ടനിലെത്തിയിട്ടുളളത്. യു.കെയിലെ സിനിമ തിയറ്ററുകളിലും നഗരങ്ങളില്‍ സ്ഥാപിച്ച വലിയ സ്‌ക്രീനുകളിലും സംസ്‌കാരച്ചടങ്ങുകള്‍ തല്‍സമയം കാണിക്കുന്നുണ്ട്. കൂടുതല്‍ ആളുകള്‍ എത്തുന്നതിനാല്‍ 250 അധിക ട്രെയിന്‍ സര്‍വീസുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *