ന്യൂഡല്‍ഹി: മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ലഖ്നൗ ജില്ലാ കോടതി ഇന്ന് പരിഗണിക്കും. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസാണ് പരിഗണിക്കുന്നത്. ഉത്തര്‍പ്രദേശ് പോലിസ് എടുത്ത യു.എ.പി.എ കേസില്‍ സുപ്രീം കോടതി സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചിരുന്നു. സെപ്റ്റംബര്‍ ഒന്‍പതിനാണ് സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം നല്‍കിയത്. ഇഡി കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ സിദ്ദിഖ് കാപ്പന്റെ മോചനം സാധ്യമാകും. നിലവില്‍ ഉത്തര്‍പ്രദേശിലെ മധുര സെന്‍ട്രല്‍ ജയിലിലാണ് സിദ്ദിഖ് കാപ്പന് ഉള്ളത്.
ഹത്രാസില്‍ കൂട്ടബലാത്സംഗംത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകവെയാണ് സിദ്ദിഖ് കാപ്പനെയും മറ്റു മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. ഹത്രാസ് സംഭവുമായി ബന്ധപ്പെട്ട് ദേശീയ തലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ നിലനില്‍ക്കെയായിരുന്നു അറസ്റ്റ്. സിദ്ദിഖ് കാപ്പന് പുറമെ അതീഖ് റഹ്മാന്, ആലം, മസൂദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. യു.എ.പി.എ നിയമപ്രകാരം ഉള്‍പ്പെടെ വിവിധ കുറ്റങ്ങള്‍ ചുമത്തി ഏഴ് മുതല്‍ ഇവര്‍ ജയിലില്‍ ആയിരുന്നു. രണ്ടു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ മാധ്യമ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തക യൂണിയന് ഡല്‍ഹി ഘടകം മുന്‍ സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.