അയല്‍ക്കൂട്ടങ്ങള്‍ക്ക് വേഗത്തില്‍ ലിങ്കേജ് വായ്പാ വിതരണം: കുടുംബശ്രീയും യൂണിയന്‍ ബാങ്കും ധാരണാപത്രം ഒപ്പുവച്ചു

അയല്‍ക്കൂട്ടങ്ങള്‍ക്ക് വേഗത്തില്‍ ലിങ്കേജ് വായ്പാ വിതരണം: കുടുംബശ്രീയും യൂണിയന്‍ ബാങ്കും ധാരണാപത്രം ഒപ്പുവച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ലിങ്കേജ് വായ്പ വേഗത്തില്‍ ലഭ്യമാക്കുന്നതിന് യൂണിയന്‍ ബാങ്കും. പരമാവധി അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി ബാങ്കുകള്‍ അതത് ജില്ലാമിഷനുകളില്‍ നിന്നും വായ്പ ആവശ്യമുള്ള അയല്‍ക്കൂട്ടങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ട് വായ്പാ വിതരണ പരിപാടി ഊര്‍ജിതമാക്കും. അയല്‍ക്കൂട്ടങ്ങള്‍ക്ക് പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നതിനും ലിങ്കേജ് വായ്പ നല്‍കുന്നതിനും നിലവിലുള്ള നടപടിക്രമങ്ങളില്‍ ബാങ്ക് ഇളവ് വരുത്തും. കുടുംബശ്രീ എക്‌സിക്യൂട്ടീവ ഡയരക്ടര്‍ ജാഫര്‍ മാലിക്, യൂണിയന്‍ ബാങ്ക് ജനറല്‍ മാനേജര്‍ രവീന്ദ്ര ബാബു എന്നിവര്‍ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു.

അര്‍ഹരായ അയല്‍ക്കൂട്ടങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ബാങ്കിന്റെ ബ്രാഞ്ച് അധികൃതര്‍ തന്നെ കുടുംബശ്രീയില്‍ നിന്നു നേരിട്ടു വാങ്ങും. ഇതിനായി ഗ്രേഡിങ്ങ് പൂര്‍ത്തിയാക്കിയതും വായ്പ ലഭിക്കാന്‍ അര്‍ഹതയുമുള്ള അയല്‍ക്കൂട്ടങ്ങളെ കുടുംബശ്രീ കണ്ടെത്തും. വായ്പ ലഭിച്ചതിനു ശേഷം അയല്‍ക്കൂട്ടങ്ങളുടെ കൃത്യമായ തിരിച്ചടവ് ഉറപ്പാക്കുന്നതും കുടുംബശ്രീയായിരിക്കും. ലിങ്കേജ് വായ്പ വേഗത്തില്‍ ലഭ്യമാക്കുന്നതിനൊപ്പം അയല്‍ക്കൂട്ടങ്ങള്‍ക്ക് നിലവില്‍ മറ്റു ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമുള്ള വായ്പകളും യൂണിയന്‍ ബാങ്ക് ഏറ്റെടുക്കും. ബാങ്കിന്റെ നിര്‍ദിഷ്ട മാര്‍ഗരേഖകള്‍ക്ക് വിധേയമായിട്ടായിരിക്കും ഇത്.

കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ജാഫര്‍ മാലിക്കിനെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അനിഷ് കുമാര്‍ എം.എസ്, യൂണിയന്‍ ബാങ്ക് ജനറല്‍ മാനേജര്‍ രവീന്ദ്ര ബാബു എന്നിവര്‍ ധാരണാപത്രം കൈമാറി. യൂണിയന്‍ ബാങ്ക് റീജയിണല്‍ ഹെഡ് സുജിത്.എസ്.തരിവാള്‍, റൂറല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍ സിജിന്‍.ബി.എസ് എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *