മയ്യഴിക്കാരുടെ മനസ്സില്‍ മറയാത്ത ഓര്‍മകളുമായി എന്നുമുണ്ടാകും രാജശേഖരന്‍ ഓണംതുരുത്ത്

മയ്യഴിക്കാരുടെ മനസ്സില്‍ മറയാത്ത ഓര്‍മകളുമായി എന്നുമുണ്ടാകും രാജശേഖരന്‍ ഓണംതുരുത്ത്

ചാലക്കര പുരുഷു

മാഹി: നാടകത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച, യവനികക്ക് പിന്നിലേക്ക് മറഞ്ഞ രാജശേഖരന്‍ ഓണം തുരുത്തിനെ നാടക ലോകത്തിനും പ്രത്യേകിച്ച് മാഹി നാടകപ്പുരയ്ക്കും ഒരിക്കലും മറക്കാനാവില്ല. 1992ലാണ് അദ്ദേഹം ആദ്യമായി മലബാറില്‍ നാടകം ചെയ്യാന്‍ എത്തുന്നത്. കവിയൂര്‍ രാജന്‍ സ്മാരക വായനശാലയുടെ പേരില്‍ ‘പൗലോസ് എന്ന വെറും പൗലോസ്’ എന്ന നാടകമാണ് ആദ്യമായി ചെയ്തത്. 1993ല്‍ മാഹി നാടകപ്പുര രൂപം കൊണ്ടത് മുതല്‍ അതിന്റെ ജീവാത്മാവും പരമാത്മാവുമായിരുന്നു അദ്ദേഹം. നാടകപ്പുര ആദ്യമായി ചെയ്ത ‘മീര ജോസഫ് എന്റെ പ്രിയ സുഹൃത്തായിരുന്നു’ എന്ന നാടകത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആ നാടകം നിരവധി വേദികളില്‍ അവതരിപ്പിക്കപ്പെട്ടു. കേരളോത്സവത്തിന് വേണ്ടി 1994ല്‍ അവതരിപ്പിച്ച ‘ദ്രൗണി’ എന്ന നാടകം സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടുകയും തുടര്‍ന്ന് ഇദംപ്രഥമായി ഭോപ്പാലില്‍ നടന്ന ദേശീയ യുവ ഉത്സവത്തില്‍ കേരളത്തെ പ്രതിനിധികരിച്ച് അവതരിപ്പിച്ച മാഹി നാടകപ്പുരയുടെ ദ്രൗണി നാടകം ദേശിയതലത്തിലും സംസ്ഥാന തലത്തിലും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായി. പിന്നീട് ഖലന്‍, സൂത പുത്രന്‍, പൂര്‍വ്വ പക്ഷത്തിലെ ശിലാ ഗോപുരങ്ങള്‍, ഹിറ്റ്‌ലര്‍, ദുര്യോധനന്‍, വിവേകാനന്ദന്‍ തുടങ്ങി ധാരാളം നാടകങ്ങള്‍ മാഹി നാടകപ്പുരക്ക് വേണ്ടി ചെയ്തു.10 ദേശിയ യുവ ഉല്‍സവത്തില്‍ ഹിന്ദിയില്‍ മാഹി നാടകപ്പുര കേരള സംസ്ഥാനത്തെ പ്രതിനിധികരിച്ച് നാടകം അവതരിപ്പിക്കുകയും മൂന്ന് തവണ ദേശീയ അവാര്‍ഡ് , ഒന്നാം സമ്മാനം ഉള്‍പ്പെടെ ലഭിക്കുകയുംചെയ്തിട്ടുണ്ട്.

ഈ കാലയളവില്‍ അദ്ദേഹം കണ്ണൂര്‍ ജില്ലയില്‍ സ്‌കൂള്‍ ,കോളേജ്, വായനശാല, ക്ലബുകള്‍ക്കും നിരവധി നാടകങ്ങള്‍ ചെയ്തിട്ടുണ്ട്. പാമ്പ് നാടകം,നമുക്ക് സ്തുതി പാടാം എന്നിവ ജില്ലയിലും സംസ്ഥാനത്തും സമ്മാനം നേടി. കുഞ്ഞിക്കാല്, എക്കോ, സാമൂഹ്യപാഠം അവസാന ഭാഗം അധ്യായം ഒന്ന് , ഇടവണ്ണ, അരങ്ങത്ത് കുഞ്ഞന്‍മാര്‍ തുടങ്ങി സ്‌കൂള്‍ നാടകങ്ങളും ശാസ്ത്ര നാടകങ്ങളും ചെയ്തിട്ടുണ്ട്.
രാജശേഖരന്‍ കോട്ടയം സ്വദേശിയാണെങ്കിലും അദ്ദേഹം കൂടുതല്‍ക്കാലം ചിലവഴിച്ചത് മാഹിയിലാണ്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലും നാടകം ചെയ്തിട്ടുണ്ട്. മാഹി നാടകപ്പുരയുടെ നാടകത്തിന്റെ ഒരു വസന്തകാലമായിരുന്നു രാജശേഖരന്‍ ഓണംതുരുത്ത് നാടകങ്ങള്‍ ചെയ്തിരുന്ന ആ കാലഘട്ടം. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഏറ്റവും ദുഃഖം അനുഭവിക്കുന്നതും നാടകപ്പുര തന്നെയാണെന്ന് മാഹി നാടകപുരയുടെ സാരഥിയും പ്രശസ്ത നാടകനടനുമായ ടി.ടി മോഹനന്‍ പറഞ്ഞു.

നാടകത്തിന്റെ രചന, സംവിധാനം, സംഗീതം, ലൈറ്റ്, സെറ്റ് അങ്ങനെ നാടകത്തിന്റെ എല്ലാവശങ്ങളും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്ന ഓള്‍റൗണ്ടറായ പ്രതിഭയാണ് രാജശേഖരന്‍ ഓണംതുരുത്ത്. ഒരു തവണ പരിചയപ്പെട്ടാല്‍ പിന്നെ അദ്ദേഹത്തെ ആരും മറക്കുകയില്ല. അത്രമേല്‍ വിനയവും ലാളിത്യവുമായിരുന്നു ആ ജീവിതത്തിന്. ജാഡകളില്ലാത്ത, പബ്ലിസിറ്റിക്ക് പിറകെ പോകാത്ത ഈ അനുഗ്രഹീത കലാകാരനെ അധികമാരും ശ്രദ്ധിക്കുകയോ, അര്‍ഹിക്കുന്ന അംഗീകാരം നല്‍കുകയോ ചെയ്തില്ല. ഒരു മത്സര നാടകം ചെയ്തു കഴിഞ്ഞാല്‍ റിസല്‍ട്ടിന് കാത്ത് നില്‍ക്കുകയോ അംഗീകാരം കിട്ടിയില്ലെങ്കില്‍ ചോദ്യം ചെയ്യുകയോ ചെയ്യാത്ത ഒരു കലാകാരനാണ്. അവിവാഹിതനായ ഈ കലാകാരന് നാടകം തന്നെയായിരുന്നു ഉലകവും.

 

Share

Leave a Reply

Your email address will not be published. Required fields are marked *