കോഴിക്കോട്: വര്‍ധിച്ചുവരുന്ന മയക്കുമരുന്ന ഉപയോഗവും ഗതാഗത നിയമലംഘനവും യുവതലമുറയെ നശിപ്പിക്കുകയും സമൂഹത്തിന്റെ മാനുഷികമായ നിലനില്‍പ്പ് തന്നെ അപകടത്തിലാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അഞ്ച് റവന്യൂ ജില്ലകള്‍ അടങ്ങുന്ന റോട്ടറി ഡിസ്ട്രിക്ട് 3204ന്റെ നേതൃത്വത്തില്‍ കാസര്‍കോട് നിന്നുമാരംഭിച്ച് കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലൂടെ സഞ്ചരിച്ച് കോഴിക്കോട് അവസാനിക്കുന്ന ബോധവല്‍ക്കരണ റാലി നടന്നുവരികയാണ്. 16ന് വൈകുന്നേരം കാസര്‍കോട് ഗവ.ഹൈസ്‌കൂളില്‍ വച്ച് ജില്ലാ പോലിസ് മേധാവി ഡോ.വൈഭവ് സക്‌സേന ഐ.പി.എസാണ് ഉദ്ഘാടനം ചെയ്തത്.
മലയോര ഹൈവേയിലൂടേയും രണ്ട് ദിവസങ്ങളിലായി രണ്ട് റാലികള്‍ അഞ്ച് റവന്യൂ ജില്ലകളിലൂടെ സഞ്ചരിച്ച് നാളെ വൈകീട്ട് നാല് മണിക്ക് ബീച്ചില്‍ കോര്‍പറേഷന്‍ ഓഫിസ് പരിസരത്ത് സമാപിക്കും. 52 ഓളം റോട്ടറി ക്ലബുകളുടെ നേതൃത്വത്തില്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ നടക്കുന്ന ബോധവല്‍ക്കരണ പരിപാടികളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ഉദ്യോഗസ്ഥരും ഭാഗഭാക്കാവുന്നുണ്ട്. തീരദേശ ഹൈവേ റാലി റോട്ടറി ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ മോഹന്‍ദാസ് മേനോനും മലയോര ഹൈവേ റാലി ബിജോഷ് മാനുവലുമാണ് നയിക്കുന്നത്. റോട്ടറി ക്ലബുകളും കേരള പോലിസും ചേര്‍ന്ന നടപ്പിലാക്കുന്ന റോപ്പ് (ROPE- Rotary and Police Engagement) പ്രൊജക്ടിന്റെ ഭാഗമായാണ് റാലി സംഘടിപ്പിക്കുന്നത്. കോഴിക്കോട് കോര്‍പറേഷന്‍ ഓഫിസ് വരിസരത്ത് നടക്കുന്ന സമാപന ചടങ്ങില്‍ മേയര്‍ ബീനാ ഫിലിപ്പ് മുഖ്യാതിഥിയാകും.
ലഹരി വിരുദ്ധ പ്രതിജ്ഞ ഡി.സി.പി ഡോ.എ.ശ്രീനിവാസ് ഐ.പി.എസ് ചൊല്ലികൊടുക്കും. അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലിസ്(നാര്‍ക്കോട്ടിക്) പ്രകാശന്‍ പടന്നയില്‍ സന്നിഹിതനായിരിക്കും. സമാപന ചടങ്ങിനോടനുബന്ധിച്ച് 104 മണിക്കൂര്‍ ചെണ്ടക്കൊട്ടി ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോര്‍ഡ് നേടിയ വിഷ്ണു ഒടുമ്പ്ര നയിക്കുന്ന ശിങ്കാരിമേളവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. സേതു ശിവശങ്കര്‍(റോട്ടറി ഗവര്‍ണര്‍, ഇലക്ട് 3204), അഡ്വ.വി.പി രാധാകൃഷ്ണന്‍(കോഴിക്കോട് ഡിസ്ട്രിക്ട് ഡെപ്യൂട്ടി കോ-ഓര്‍ഡിനേറ്റര്‍), സനാഫ് പാലക്കണ്ടി (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ റോട്ടറി 3204), ആര്‍.പി സാലി( ഡിസ്ട്രിക്ട് ചെര്‍മാന്‍), ഡോ.സിജു (കോ-ചെയര്‍മാന്‍ (ROPE) എന്നിവര്‍ പങ്കെടുത്തു.