തലശ്ശേരി: കലയും സംസ്‌കാരവും മനുഷ്യ മനസ്സിനെ വിമലീകരിക്കുമെന്നും നല്ല സുഹൃത്തുക്കള്‍ ഒരുപാടുണ്ടെങ്കില്‍ അയാള്‍ സ്വര്‍ഗത്തില്‍ ജീവിക്കുമെന്നും പോലിസ് വിജിലന്‍സ് സൂപ്രണ്ട് പ്രിന്‍സ് അബ്രഹാം. ബന്ധുത്വം പോലും ബന്ധനങ്ങളായി മാറുന്ന കാലമാണിതെന്നും അധികാരവും സമ്പത്തുമില്ലാതാകുന്നതോടെ സൗഹൃദങ്ങളും കൊഴിഞ്ഞ് പോകുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും എന്നാല്‍ കലാഹൃദയം കൊണ്ടു നടക്കുന്നവര്‍ക്ക് സൗഹൃദങ്ങളുടെ ഊഷ്മളത തൊട്ടറിയാനാവുമെന്നും എസ്.പി പറഞ്ഞു.
കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വാരാന്ത്യ ചിത്രപ്രദര്‍ശനം സീസണ്‍-ഒന്ന് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെല്‍വന്‍ മേലൂരിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മേജര്‍ പി.ഗോവിന്ദന്‍, ചാലക്കര പുരുഷു, ടി.കെ.രജീഷ്, ശ്യാം മാടായി സംസാരിച്ചു. അന്തരിച്ച വിഖ്യാത ചിത്രകാരന്‍ പി.ശരത്ചന്ദ്രന്റെ പുസ്തക ശേഖരം ചിത്രകാരി സുരേഖ പ്രിന്‍സിപ്പാള്‍ പൊന്‍മണി തോമസിന് കൈമാറി. സുഹാസ് വേലാണ്ടി സ്വാഗതവും, കെ.പി.പ്രമോദ് നന്ദിയും പറഞ്ഞു.