പെട്രോള്‍ പമ്പുകള്‍ 23ന് അടച്ചിടും

പെട്രോള്‍ പമ്പുകള്‍ 23ന് അടച്ചിടും

കോഴിക്കോട്: പെട്രോളിയം ഡീലര്‍മാര്‍ പ്രതിസന്ധിയിലാണെന്നും കൊവിഡ് മഹാമാരി കേരളത്തിലെ സാമ്പത്തിക മേഖലയെ കാര്യമായി ബാധിച്ചപ്പോള്‍ കച്ചവടമില്ലെങ്കിലും അവശ്യ സര്‍വീസ് എന്ന നിലക്ക് തുറന്നുവച്ച് പ്രവര്‍ത്തിച്ച പെട്രോളിയം റീട്ടേയില്‍ ഔട്ട്‌ലെറ്റുകള്‍ വലിയ സാമ്പത്തിക നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് കേരള പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ സെന്‍ട്രല്‍ എക്‌സൈസ് ഡ്യൂട്ടി ഇളവും ഡീലര്‍മാര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് വരുത്തിയത്. കച്ചവടം പൂര്‍വ സ്ഥിതിയിലാകാന്‍ ആരംഭിക്കേ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഏകപക്ഷീയമായി നടപ്പിലാക്കിയ നയങ്ങളും പരിഷ്‌കാരങ്ങളും കേരളത്തിലെ പെട്രോളിയം ഡീലര്‍മാരെ പമ്പടച്ചിടല്‍ സമരത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.

സംസ്ഥാനത്തെ 650 ഓളം ഹിന്ദുസ്ഥാന്‍ ഡീലര്‍മാര്‍ക്ക് പ്രതിദിനം 450 ഓളം ലോഡുകള്‍ വേണമെന്നിരിക്കേ 250 ലോഡുകള്‍ നല്‍കുന്നതുകൊണ്ട് മൂന്നിലൊന്നോളം പമ്പുകള്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. എച്ച്.പി.സി, ബി.പി.സി ഡീലര്‍മാരുടെ മേല്‍ ആവശ്യത്തിലധികം ലൂബ്രിക്കന്റുകള്‍ കെട്ടിവച്ച് അവരെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്. ബാങ്ക് അവധി ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും ഐ.ഒ.സി ചെയ്യുന്നതു പോലെയുള്ള സപ്ലൈ നല്‍കാത്തതും ഡീലര്‍മാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര-കേരള സര്‍ക്കാരുകളോടും ഓയില്‍ കമ്പനികള്‍ക്കും നിവേദനം നല്‍കിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല. ഗവണ്‍മെന്റുകളുടെ നിര്‍ദേശങ്ങള്‍ പോലും പരിഗണിക്കാതെ ഓയില്‍ കമ്പനികള്‍ ധാര്‍ഷ്ട്യം നിറഞ്ഞ നടപടികള്‍ സ്വീകരിക്കുകയാണ്. ഡീലര്‍മാരും അവരുടെ കുടുംബങ്ങളും തൊഴിലാളികളും അവരുടെ കുടുംബങ്ങളും അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിക്ക് ശാശ്വത പരിഹാരമുണ്ടാക്കുന്നതിനു വേണ്ടി 23ന് മുഴുവന്‍ പെട്രോള്‍ പമ്പുകളും അടച്ചിട്ട് കമ്പനിയില്‍നിന്ന് ലോഡെടുക്കാതെ സമരം നടത്തുമെന്നവര്‍ പറഞ്ഞു. ചെയര്‍മാന്‍ ടോമി തോമസ്, കണ്‍വീനര്‍ ആര്‍.ശബരിനാഥ്, മൈതാനം വിജയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *