കോഴിക്കോട്: പുതിയ ഐ.ടി സമ്പ്രദായം ഉപയോഗിച്ച് ന്യൂജനറേഷന്‍ ബാങ്കുകള്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയാന്‍ സഹകരണ ബാങ്കുകളെ പ്രോത്സാഹിപ്പിക്കണമെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനും കേരള ബാങ്ക് ഡയരക്ടറുമായ എം.മെഹബൂബ് അഭിപ്രായപ്പെട്ടു. വ്യാപാരികളുടെ പങ്കാളിത്തത്തോടെ തുടങ്ങിയ കേരള മെര്‍ക്കന്റയില്‍ ബാങ്കിന്റെ പുതിയ വായ്പ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കിന്റേയും പ്രസ്ഥാനത്തിന്റേയും പ്രസക്തി ഏറെ വലുതാണ്. കോഴിക്കോട്ടുകാരുടെ പണം ജില്ലക്കകത്ത് ഉപയോഗിക്കാന്‍ സഹകരണ ബാങ്കില്‍ നിക്ഷേപിക്കണം. നഗരത്തിലേയും പ്രാന്ത്ര പ്രദേശത്തേയും ജനങ്ങളുടെ പണം സുരക്ഷിതമാക്കണം. അവിടെയാണ് മര്‍ക്കന്റയില്‍ പോലുള്ള സഹകരണ ബാങ്കിന്റെ പ്രസക്തി. ജില്ല ബാങ്കിന് സമാനമായ രീതിയില്‍ മര്‍ക്കന്റയില്‍ ബാങ്കിനെ ഉയര്‍ത്താന്‍ സാധിക്കുമെന്ന് എം.മെഹബൂബ് വ്യക്തമാക്കി.
ചടങ്ങില്‍ ബാങ്ക് ചെയര്‍മാന്‍ വി.കെ വിനോദ് അധ്യക്ഷത വഹിച്ചു. വ്യാപാര്‍ മിത്ര, മംഗല്യ, മിത്ര ഗോള്‍ഡ്, ഡ്രീം ഹോം, മഹിളാ ജ്യോതി എന്നീ വായ്പാ പദ്ധതികള്‍ ലോഞ്ച് ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍, കേരള ബാങ്ക് ഡയരക്ടര്‍ ഇ.രമേഷ് ബാബു, കേരള അര്‍ബന്‍ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍ ടി.പി ദാസന്‍, കേരള ബാങ്ക് റീജിയണല്‍ മാനേജര്‍ സി.അബ്ദുള്‍ മുജീബ്, ഒ.രാജഗോപാല്‍, കോര്‍പ്പറേഷന്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജാസ്മിന്‍ ജസ്സി, എം.ഗിരീഷ് എന്നിവര്‍ സംസാരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി പി.കെ ബാപ്പു ഹാജി, ജില്ലാ പ്രസിഡന്റ് അഷറഫ് മൂത്തേടത്ത്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി ജിജി കെ. തോംസണ്‍, കേരള സംസ്ഥാന വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി ടി.മരയ്ക്കാര്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷറര്‍ വി.സുനില്‍ കുമാര്‍, കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ ട്രഷറര്‍ സി.കെ വിജയന്‍, കെ.വി.വി.ഇ.എസ് ആശ്വാസ് പദ്ധതി ചെയര്‍മാന്‍ എ.വി.എം കബീര്‍ എന്നിവരെ ചടങ്ങില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ ആദരിച്ചു.
റിസര്‍വ് ബാങ്ക് നിര്‍ദേശാനുസരണം ബാങ്കിന്റെ മൂലധന പര്യാപ്തത വര്‍ധിപ്പിക്കുകയും ആകര്‍ഷമായ വായ്പാ നിക്ഷേപ പദ്ധതികളിലൂടെ വിപുലപ്പെടുത്തുകയാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ വി.കെ വിനോദ് ഉദ്ഘാടനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യാപാരികള്‍ക്ക് മാത്രമല്ല ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ബാങ്കിന്റെ സേവനം ഉപയോഗപ്പെടുത്താനാകും. ഇതിന്റെ ഭാഗമായാണ് ജനകീയ വായ്പാ പദ്ധതികള്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക് വൈസ് ചെയര്‍മാന്‍ ഡോ.എ.എം ഷെരീഫ് , ഡയരക്ടര്‍മാരായ എ.വി.എം കബീര്‍, കെ. കെ മൊയ്തീന്‍ കോയ, സുകുമാരന്‍.ഇ , സി.ഇ.ഒ എ.ബാബുരാജ്, പി.മഹേഷ് , ശബ്‌നം മുഹമ്മദ് , കെ. ഉഷ എന്നിവര്‍ പങ്കെടുത്തു.