കേരള നിയമസഭ ലൈബ്രറി രാജ്യത്ത് ഏറ്റവും മികച്ചത്: സ്പീക്കര്‍ എ.എന്‍ ഷംസീര്‍

കേരള നിയമസഭ ലൈബ്രറി രാജ്യത്ത് ഏറ്റവും മികച്ചത്: സ്പീക്കര്‍ എ.എന്‍ ഷംസീര്‍

കോഴിക്കോട്: രാജ്യത്തെ മികച്ച നിയമസഭയും നിയമസഭാ ലൈബ്രറിയും കേരളത്തിന്റേതാണെന്ന് നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. കേരള നിയമസഭാ ലൈബ്രറി നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ഉത്തരമേഖലാ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രന്ഥശേഖരണത്തിന്റേയും ഇന്‍ഫര്‍മേഷന്‍ സര്‍വീസിന്റെയും കാര്യത്തില്‍ കേരള നിയമസഭ മുന്നിട്ട് നില്‍ക്കുന്നു. വായനയുടെ ലോകത്തേക്ക് പുതിയ തലമുറയെ കൂട്ടിക്കൊണ്ട് പോവാനുള്ള ശ്രമങ്ങള്‍ എല്ലാ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും ഇതിനായി പഞ്ചായത്ത്-വാര്‍ഡ് അടിസ്ഥാനത്തില്‍ വായനശാലകള്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നവോത്ഥാനമൂല്യം ഉയര്‍ത്തിക്കൊണ്ട് വരുന്നതില്‍ വായനശാലകള്‍ വലിയപങ്ക് വഹിച്ചു. സ്വാതന്ത്ര്യാനന്തരകാലത്ത് സാമാന്യജനവിഭാഗങ്ങളുടെ ഭൗതികവളര്‍ച്ചക്കും ജീവിത ഉന്നതിക്കും മഹത്തായ സംഭാവനകള്‍ നല്‍കിയത് ഗ്രന്ഥശാല പ്രസ്ഥാനങ്ങളാണ്. നിയമസഭാ സമ്മേളനത്തിന്റെ കാര്യത്തിലും ലൈബ്രറിയുടെ കാര്യത്തിലും കേരളമോഡല്‍ ലോകത്തിന് തന്നെ മാതൃകയാണ്. കേരളത്തിന്റെ സാംസ്‌കാരിക മേഖലക്ക് വലിയ രീതിയില്‍ ഔന്നിത്യം നല്‍കുന്ന കാര്യത്തിലും ഗ്രന്ഥശാല പ്രസ്ഥാനങ്ങള്‍ പങ്ക് വഹിച്ചു. വിദ്യാലയങ്ങളില്‍ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിനൊപ്പം ആകര്‍ഷകമായ ലൈബ്രറികളും ഉണ്ടാവണം. സിലബസിനപ്പുറം വായനയെ പ്രോത്സാഹിപ്പിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, മന്ത്രി പി.എ മുഹമ്മദ് റിയാസും ആശംസ അറിയിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ മുനീര്‍, കെ.എം സച്ചിന്‍ദേവ്, നിയമസഭാ ലൈബ്രറി ചീഫ് ലൈബ്രേറിയന്‍ എ.എസ് ലൈല, ലൈബ്രറി കൗണ്‍സില്‍ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം കെ.ചന്ദ്രന്‍ പങ്കെടുത്തു. ലൈബ്രറി ഉപദേശകസമിതി ചെയര്‍മാന്‍ തോമസ് കെ.തോമസ് എം.എല്‍.എ സ്വാഗതവും നിയമസഭ സെക്രട്ടറി എ.എം ബഷീര്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *